Latest Videos

പ്രളയം തകർത്ത വീടുകളിലേക്ക് ഈ ചെറുപ്പക്കാർ എത്തിയാൽ പിന്നെ പഴയത് പോലാകില്ല

By Sumam ThomasFirst Published Aug 31, 2018, 11:25 AM IST
Highlights

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സദാ സന്നദ്ധമായിരിക്കുന്ന കൊച്ചുസൈന്യങ്ങളുണ്ട് കേരളത്തില്‍. പ്രളയം ബാക്കി വച്ച ദുരിതങ്ങളില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍  ചെറുപ്പക്കാരുടെ ഇത്തരം കൂട്ടായ്മകളാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്, കോഴിക്കോട് ജില്ലയിലെ ടീം കുറ്റ്യാടിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്....

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് മത്സ്യത്തൊഴിലാളികളെയാണ്. എന്നാൽ പ്രളയം കഴിഞ്ഞെങ്കിലും അതിന്റെ കെടുതികളിൽ നിന്ന് മുക്തി നേടാത്ത പ്രദേശങ്ങളിൽ‌ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന കൊച്ചു സൈന്യങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാർ. ഷംസീർ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലുള്ള ഈ ടീമിനെ സന്നദ്ധ സേവനത്തിന്റെ ഏറ്റവും മികച്ച മാതൃകയെന്ന് വിശേഷിപ്പിക്കാൻ സാധിക്കും. 

സുഹൃത്തായ അനീഷ് ഷംസുദ്ദീൻ വിളിച്ചത് പ്രകാരമാണ് തങ്ങൾ ആലുവയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് ഷംസീർ പറയുന്നു. ''ആ സമയത്ത് ഞങ്ങൾ വയനാട്ടിലായിരുന്നു. അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി പോയതായിരുന്നു. ആ സമയത്താണ് ആലുവയിൽ നിന്ന് അനീഷ് വിളിക്കുന്നത്. പണം എത്ര വേണമെങ്കിലും കൊടുക്കാമെന്ന് പറഞ്ഞിട്ടും ക്ലീനിം​ഗ് ജോലികൾക്കായി ആരും വരുന്നില്ല എന്നായിരുന്നു അനീഷ് പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ അവിടെയെത്താമെന്ന് അവന് വാക്കുകൊടുത്തു. അങ്ങനെ ഒരു ബസ്സിൽ 39 പേരടങ്ങുന്ന ഒരു ടീമായി ഞങ്ങൾ യാത്ര തിരിച്ചു. മൂന്ന് ദിവസം ക്യാംപ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഞങ്ങൾ അവിടെ എത്തിയത്.'' ഷംസീർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. 

എറണാകുളം ജില്ലയിലെ പറവൂരുള്ള മാലോത്ത് എന്ന ​ഗ്രാമത്തിലായിരുന്നു ഇവരെത്തിയത്.  ഭീതിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അവിടെ. വീടിനകം മുഴുവൻ ചെളി കയറി ഉറച്ചു കിടക്കുന്നു. ദുർ​ഗന്ധം കൊണ്ട് ആ പ്രദേശത്തേയേക്ക് അടുക്കാൻ സാധിക്കാത്ത അവസ്ഥ. പാത്രങ്ങൾ മിക്കതും ഒലിച്ചു പോയി. അവശേഷിക്കുന്നവ ഉപയോ​ഗിക്കാൻ സാധിക്കാത്ത വിധം ചെളികയറി ദുർ​ഗന്ധം വമിക്കുന്നവയായിരിക്കുന്നു. വഴിയെവിടെ, പുഴയെവിടെ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഓരോ പ്രദേശവും കിടന്നിരുന്നത്. എറണാകുളം ജില്ലയിലെ പറവൂരിൽ ഷംസീറും കൂട്ടരും എത്തുമ്പോൾ ഇതായിരുന്നു അവിടത്തെ അവസ്ഥ. എല്ലാത്തിനുമുപരി ഇനിയെന്ത് എന്ന അവസ്ഥയിൽ കണ്ണീരോടെ നിൽക്കുന്ന ആളുകളായിരുന്നു മറ്റൊരു ദുരിതക്കാഴ്ച. 

എന്താണ് അവരുടെ ആവശ്യമെന്ന് ചോദിക്കാൻ ഷംസീറും ടീമും നിന്നില്ല. മൊത്തം ആളുകളെ എട്ടു ടീമുകളായി വിഭജിച്ചു. ആദ്യത്തെ ടീം  ഒരു വീട്ടിലെത്തിയാൽ ആ വീട് മൊത്തം കഴുകി വൃത്തിയാക്കും. അവർ അവിടം വിടാൻ തുടങ്ങുന്ന സമയത്ത് അടുത്ത് ടീം വരും. അത് പ്ലംബേഴ്സിന്റെ ടീമാണ്. വീട്ടിലെ ഇലക്ട്രിസിറ്റിയും സ്വിച്ചും മറ്റും പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും അവർ ചെയ്യുന്നത്. അവർ പോയിക്കഴിഞ്ഞാൽ മൂന്നാമത്തെ ടീം കിണർ വൃത്തിയാക്കാൻ വരും. കിണർ വൃത്തിയാക്കലിൽ വിദ​ഗ്ധരായിട്ടുള്ളവരായിരിക്കും ആ ടീമിലെ അം​ഗങ്ങൾ. പിന്നീട് വരുന്നവർ വീട്ടുപകരണങ്ങൾ തേച്ചു കഴുകി ഉപയോ​ഗിക്കാൻ സാധിക്കുന്ന രീതിയിലാക്കും. വീട്ടിലെ അത്യാവശ്യ ഉപകരണങ്ങളായ മിക്സി, ​ഗ്രൈൻഡർ എന്നിവ കേടുപാടുകൾ തീർത്തെടുക്കാനാ‍ണ് അടുത്ത ടീമെത്തുന്നത്. എല്ലാം കഴിഞ്ഞ് വീട്ടിൽ പലവ്യജ്ഞനങ്ങളും പാത്രങ്ങളും ഇല്ലെങ്കിൽ അത്യാവശ്യമുള്ള പാത്രങ്ങളും മറ്റ് വസ്തുക്കളും ഇവർ നൽകും. കൂട്ടത്തിൽ കിടക്കാൻ പായയും. ഇങ്ങനെ ആ പ്രദേശത്തെ അഞ്ഞൂറോളം വീടുകളിൽ തെരഞ്ഞെടുത്ത വീടുകളെല്ലാം ക്ലീൻ ചെയ്ത് വാസയോ​ഗ്യമാക്കിയതിന് ശേഷമാണ് ഷംസീറും കൂട്ടുകാരും അവിടെ നിന്നും തിരികെ പോയത്. 

നാട്ടുകാർ താമസിക്കുന്ന ക്യാമ്പുകളിലായിരുന്നു ഇവരുടെ താമസവും. ചെളി കയറി ദുർ​ഗന്ധം മാറാതെ നിന്ന വീടുകളിൽ പെയിന്റിം​ഗ് ജോലികൾ കൂടി ചെയ്തിട്ടാണ്  തിരികെ പോന്നതെന്ന് ഷംസീർ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു. നന്മ നിറഞ്ഞ മനസ്സുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ​ഗ്രാമത്തെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്. ഇനി മറ്റൊരിടത്ത് കൂടി ടീം കുറ്റ്യാടിയുടെ സേവനം ആവശ്യമായി വന്നാൽ  സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്ത് കൊടുക്കുമെന്ന് ടീം കുറ്റ്യാടിക്കാർ ഒരേ സ്വരത്തിൽ പറയുന്നു. 

click me!