
ഇടുക്കി: അടിമാലിയില്‍ ജ്യേഷ്ഠനെ മദ്യലഹരിയിലായിരുന്ന അനുജന്‍ തലക്കടിച്ച് കൊലപ്പെടുത്തി. ആനവിരട്ടി സ്വദേശി അരുണ്‍ പോളാണ് കൊല്ലപ്പെട്ടത്. രക്ഷപെടാന്‍ ശ്രമിച്ച സഹോദരന്‍ അന്‍വിന്‍ പോളിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
അടിമാലി ആനവിരട്ടി ചുട്ടിശ്ശേരില്‍ പി.കെ. പൗലോസിന്റെയും ലിസമ്മയുടെയും മൂത്ത മകന്‍ അരുണ്‍ പോളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വെച്ചായിരുന്നു സംഭവം. സമീപത്തെ കല്യാണവീട്ടില്‍ പോയിവന്നശേഷം അരുണ്‍ പോളും അനുജന്‍ അന്‍വിന്‍ പോളും തമ്മില്‍ വഴക്കുണ്ടായി. മദ്യപിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. വഴക്ക് കയ്യാങ്കളയിലേക്ക് എത്തിയതോടെ അന്‍വിന്‍ വീട്ടിലിരുന്ന കാപ്പിവടിവെച്ച് അരുണിന്റെ തലക്കടിക്കുകയായിരുന്നു. അരുണിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരന്‍ മരിച്ചതറിഞ്ഞ് അന്‍വിന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ അടിമാലി എസ്.ഐ. ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടിമാലിക്ക് സമീപം ഇരുമ്പ് പാലത്തുനിന്ന് അന്‍വിനെ പിടികൂടുകയായിരുന്നു. ജീപ്പ് ഡ്രൈവറാണ് കൊല്ലപ്പെട്ട അരുണ്‍. അന്‍വിന്‍ പെയിന്റിംഗ് തൊഴിലാളിയും. ഇരുവരും അവിവാഹിതരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam