
ഇടുക്കി: പള്ളിവികാരിയെ മയക്കികിടത്തി കവര്‍ച്ച നടത്തിയ കേസില്‍ ബയോകെമിസ്റ്റ് അറസ്റ്റില്‍. ഒക്ടോബര്‍ 24 ാം തിയതി മറയൂര്‍ സെന്‍റ് മേരീസ് പള്ളിവികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പലിന്‍റെ മുറിയില്‍ നിന്നാണ് പ്രതികള്‍ വന്‍ കവര്‍ച്ച നടത്തിയത്. പുതുച്ചേരി മറമലനഗര്‍ ബല്‍റാം പേട്ട് സ്വദേശി അരുണ്‍ കുമാര്‍(26) നെയാണ് പുതുച്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മോഷണത്തില്‍ പങ്കാളിയായ തിരുവണ്ണാമല സ്വദേശിയും എംഎബിബിഎസ് ഡോക്ടറുമായ യശ്വന്ത്(25)നായി പൊലീസ് തിരച്ചില്‍ നടത്തിവരുന്നു.
ബെംഗളൂരു സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് പള്ളിയില്‍ ഫാദര്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഈ സമയത്താണ് യശ്വന്തും അരുണുമായി പരിചയത്തിലാവുന്നത്‍. ഹേമന്ദ്, സുദേവ് എന്ന വ്യാജപേരുകളിലാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. മോഷണം നടക്കുന്നതിന്‍റെ തലേന്ന് ഫാ. ഫ്രാന്‍സിസിന്‍റെ കൂടെ അതിഥികളായി ഇവര്‍ താമസിച്ചിരുന്നു. ഫാദറിന്‍റെ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഉറക്കി കിടത്തിയതിന് ശേഷം ഒന്നരലക്ഷം രൂപയും ലാപ് ടോപ്, നോട്ട് പാട്, ക്യാമറ എന്നിവ മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു യുവാക്കള്‍.
പിറ്റേദിവസം രാവിലെ കുര്‍ബാനയ്ക്കെത്തിയവരാണ് പള്ളി വികാരി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പൊലീസിന് നല്‍കിയ മൊഴിയില്‍ രണ്ടു യുവാക്കള്‍ അതിഥികളായെത്തിയ വിവരം വികാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായി. പുലര്‍ച്ചെ മൂന്നരയ്ക്ക് ബാഗുമായി കടന്ന്പോകുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ മറയൂര്‍ ടൗണിലെ വ്യാപാര സ്ഥാപങ്ങളിലെ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറയൂര്‍ ടൗണില്‍ നിന്നും ഓട്ടോറിക്ഷയില്‍ തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് ഇവര്‍ കടന്നുകളഞ്ഞെന്ന വിവരമാണ് ലഭിച്ചത്.
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയവ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണമാണ് കുറ്റവാളികളിലേക്ക് പൊലീസിനെ എത്തിച്ചത്. ചെന്നൈ, പുതുച്ചേരി എന്നിവടങ്ങളില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയാണ് അരുണ്‍ കുമാറിനെ പിടികൂടിയത്. .മറയൂര്‍ സെന്‍റ് മേരീസ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇടുക്കി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മറയൂര്‍ എസ്ഐ ജി.അജയകുമാര്‍, അഡീഷണന്‍ എസ്ഐ റ്റി.ആര്‍ രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ ജോളി ജോസഫ്, അബ്ബാസ് റ്റി.എം, ഉമേഷ് ഉണ്ണി, ബിജുമോന്‍ കെ.സി, ടോമി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam