വീഡിയോ നിര്‍മാണത്തിന് പ്രത്യേക ഫണ്ട് ; ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് യൂട്യൂബ് അംഗീകാരം

By Web TeamFirst Published Dec 20, 2018, 3:49 PM IST
Highlights

ഇന്ത്യയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് യൂ ട്യൂബ് ഇതിനായി ഫണ്ട് നല്‍കുന്നത്. മലയാളത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മാത്രമാണ് ഈ പട്ടികയിലുള്ളത്. 

തിരുവനന്തപുരം: മികച്ച വീഡിയോ നിര്‍മാണത്തിന് ആഗോള തലത്തില്‍ യൂട്യൂബ് ആവിഷ്‌കരിച്ച പങ്കാളിത്ത പദ്ധതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും. വ്യത്യസ്തമായ വീഡിയോകള്‍ നിര്‍മിക്കുന്നതിനുള്ള യൂ ട്യൂബ് ഇന്നോവേഷന്‍ ഫണ്ടിനാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അര്‍ഹമായത്. ഇന്ത്യയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് യൂ ട്യൂബ് ഇതിനായി ഫണ്ട് നല്‍കുന്നത്. മലയാളത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മാത്രമാണ് ഈ പട്ടികയിലുള്ളത്. 

ബാഡിപാ, ഫാക്ട്ലി, ഗാവോന്‍ കണക്ഷന്‍, ഇന്ത്യ ടുഡേ ഗ്രൂപ്പ്, ലൈവ് ഡാറ്റാ വിഷ്വലൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എന്‍ഡി ടിവി, ന്യൂസ്.ഷെപ്ഹെര്‍ട്സ് ആന്‍ഡ് വീഡിയോ വോളന്റീയര്‍സ്  എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍നിന്നും ഈ ഫണ്ടിന് അര്‍ഹത നേടിയത്. 23 രാജ്യങ്ങളില്‍ നിന്ന്  87 സ്ഥാപനങ്ങള്‍ക്കാണ് ആഗോള തലത്തില്‍ ഈ അംഗീകാരം ലഭിക്കുക. 

ന്യൂസ് സംബന്ധിയായ വീഡിയോകളുടെ നിര്‍മാണത്തിന് പ്രോല്‍സാഹനം നല്‍കുന്നതാണ് യൂട്യൂബ് ഇന്നോവേഷന്‍ ഫണ്ട്. ഗൂഗിള്‍ ന്യൂസ് ഇന്ത്യയുടെ ലോഞ്ചിനോട് അനുബന്ധിച്ചാണ് ഈ പദ്ധതി നിലവില്‍ വരിക. വാര്‍ത്ത സംബന്ധിയായ വ്യത്യസ്തമായ വീഡിയോകള്‍ യൂ ട്യൂബുമായി ചേര്‍ന്ന് നിര്‍മിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പദ്ധതി. 

click me!