കര്‍ദിനാളിനെതിരായ ഹൈക്കോടതി വിധി; അപ്പീല്‍ പോകാന്‍ തീരുമാനിച്ച്  സിറോ മലബാർ സഭ

By Web DeskFirst Published Mar 7, 2018, 5:30 PM IST
Highlights
  • കര്‍ദിനാളിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ  തീരുമാനിച്ച് സിറോ മലബാർ സഭ

കൊച്ചി: വിവാദ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോ‍ർജ് ആല‌ഞ്ചേരിയടക്കമുളളവരെ  പ്രതി ചേർക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ  സിറോ മലബാർ സഭ തീരുമാനിച്ചു. കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാൻ സമിതിയെ സിനഡ് ചുതലപ്പെടുത്തി. എന്നാൽ കർദ്ദിനാളിനെ പിന്തുണച്ച സിനഡിനെ തള്ളി അതിരൂപത വൈദിക സമിതി രംഗത്തെത്തി.

കർദിനാളും വൈദികരും ഇടനിലക്കാരും അടക്കം നാലു പേരെ പ്രതികളാക്കി  കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ നിയമപരമായി തന്നെ നേരിടാനാണ് സിറോ മലബാർ സഭയുടെ തീരുമാനം.  പൊലീസ് കേസ് കേസ് രജിസ്റ്റർ ചെയ്താലുടൻ അടിയന്തര സ്റ്റേയും, എഫ് ഐ ആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്  ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. തുടർ നിയമ നടപടികളുടെ മേൽനോട്ടത്തിനായി ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ജേക്കബ് മാനന്തോട്ടത്ത്,മാത്യു അറക്കയ്ൽ എന്നിവർ അടങ്ങിയ മൂന്നംഗ മെത്രാൻ സമിതിയേയും സ്ഥിരം സിനഡ് നിയോഗിച്ചു.

സമിതിയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കാഞ്ഞിരപ്പളളി ബിഷപ് മാത്യു അറയ്ക്കലിന് ഇടതു സർക്കാരുമായുളള അടുത്ത ബന്ധം തുണയാകുമെന്നാണ് സഭയുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് വരെയുള്ള കേസ് നടത്തിപ്പിൽ സിനഡിന് അതൃപ്തിയുണ്ട്. ഇക്കാര്യം എറണാകുളം- അങ്കമാലി അതിരൂപതാ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. അതേസമയം കർദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി സ്വാഗതം ചെയ്തു. സിനഡിന്‍റേതായി പുറത്ത് വന്ന വാർത്താക്കുറിപ്പിലും വൈദിക സമിതി സംശയം പ്രകടിപ്പിച്ചു.

ഔദ്യോഗിക ലെറ്റർപാഡിലോ,ഉത്തരവാദിത്വപ്പെട്ട ആരുടെയും ഒപ്പ് പോലുമില്ലാതെയാണ് സിനഡ് തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താക്കുറിപ്പിറങ്ങിയത്. വൈദിക സമിതിയുമായി നേരെത്തെ എത്തിയ ധാരണകളുടെ നഗ്നമായ ലംഘനങ്ങളാണ് സിനഡ് തീരുമാനങ്ങളെന്നും സമിതി കുറ്റപ്പെടുത്തുന്നു. സിനഡ് ഉത്തരവാദിത്വത്തോടെ ഉപദേശം നൽകി കർദ്ദിനാളിന്‍റെയും സഭയുടെയും അന്തസ്സ് ഉയർത്തണമെന്നാണ് വൈദിക സമിതിയുടെ ആവശ്യം. 

click me!