Latest Videos

അമേരിക്കയിലും സിക വൈറസ് ഭീഷണി; 4 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

By Web DeskFirst Published Jul 30, 2016, 1:47 AM IST
Highlights

വാഷിംഗ്ടണ്‍: അമേരിക്കയിലും സിക വൈറസ് ബാധ ഭീഷണി. ഫ്ലോറിഡയിലാണ് നാലുപേർക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. നേരത്തേയും അമേരിക്കയിൽ സിക വൈറസ് ബാധിതരെ കണ്ടെത്തിയിരുന്നെങ്കിലും അവർക്കെല്ലാം വൈറസ് ബാധ ഉണ്ടായത് മറ്റ് രാജ്യങ്ങളിൽ നിന്നാണ്. ഇതാദ്യമായാണ് അമേരിക്കയിൽ പ്രാദേശികമായി വൈറസ് പടരുന്നതായി കണ്ടെത്തിയത്.

മൂന്ന് പുരുഷൻമാർക്കും ഒരു സ്ത്രീക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ഫ്ലോറിഡ ഗവർണർ റിക് സ്കോട് പറഞ്ഞു. മിയാമിയിലെ ഒരു പ്രദേശത്ത് ഏതാണ്ട് രണ്ടരചതുരശ്ര കിലോമീറ്റർ വരുന്ന മേഖലയിൽ വൈറസ് സാന്നിദ്ധ്യം ഇപ്പോഴും ഉള്ളതായി അദ്ദേഹം അറിയിച്ചു. വൈറസ് ബാധിതരിൽ രണ്ടുപേർ മിയാമി ഡേഡ് കൗണ്ടി സ്വദേശികളും രണ്ടുപേർ ബ്രൊവേഡ് കൗണ്ടിയിൽ നിന്നുള്ളവരുമാണ്.  1650ലേറെ അമേരിക്കക്കാരിൽ ഇതുവരെ സിക വൈറസ്  കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവർക്കെല്ലാം ഏതെങ്കിലും ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിനിടെയോ അല്ലെങ്കിൽ വൈറസ് ബാധിതരുമായി ഉണ്ടായ ലൈംഗികബന്ധത്തിലൂടെയോ ആണ് രോഗോണുബാധ  ഉണ്ടായത്.

എന്നാൽ ഫ്ലോറിഡയിൽ ഈഡിസ് കൊതുകിലൂടെ പ്രാദേശികമായി രോഗാണുബോധ ഉണ്ടായിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ഇത്തരത്തിൽ അമേരിക്കയിൽ സിക വൈറസ് ബാധ റിപ്പോർട്ടുചെയ്യുന്നത് ഇതാദ്യമായാണ്. വൈറസ് ബാധിതർക്ക് സാധാരണ കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലുംഗർഭസ്ഥശിശുക്കളുടെ നാഡീവ്യവസ്ഥയിൽ സിക വൈറസ് ഗുരുതരമായ വൈകല്യങ്ങളുണ്ടാക്കും. വൈറസ് ബാധക്ക് ഫലപ്രദമായ ചികിത്സയും കണ്ടെത്തിയിട്ടില്ല.

സിക വൈറസ് ബാധയെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നാണ് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചത്. അമേരിക്കയിലെ ദേശീയ ആരോഗ്യ ഏജൻസിയായ  സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വരും ആഴ്ചകളിൽ രാജ്യത്ത് കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയേക്കാം എന്ന ആശങ്ക പങ്കുവച്ചു.

ഫ്ലോറഡയിലെ രക്തബാങ്കുകളോട് രക്തം ശേഖരിക്കുന്നത് നിർത്തിവയ്ക്കാനും ഏജൻസി ആവശ്യപ്പെട്ടു. വൈറസിനെ ചെറുക്കാൻ രാജ്യത്തിനാകുന്ന എല്ലാ സഹായവും ഫ്ലോറിഡയ്ക്ക് നൽകാൻ പ്രസിഡന്‍റ് ഒബാമ നിർദ്ദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

click me!