
റിയോ ഡി ജനീറോ: മത്സരബുദ്ധിയേക്കാൾ പ്രധാനം വീഴ്ചയിൽ നിന്ന് എതിരാളിയെ പിടിച്ചുയർത്തുന്നത് ആണെന്ന് കാണിച്ചുതരുന്നതായിരുന്നു വനിതകളുടെ 5000മീറ്റർ ഹീറ്റ്സ്. പ്രചോദമനമേകുന്ന ഈ പ്രകടനത്തിന് അധികൃതർ അർഹമായ ആദരവും നൽകി. വനിതകളുടെ 5000മീറ്റർ ഹീറ്റ്സ് മത്സരം. അമേരിക്കയുടെ എബി ഡി അഗ്നോസ്റ്റിനോയും ന്യൂസിലൻഡ് താരം നിക്കി ഹാംബ്ലിനും ഫൈനലുറപ്പിക്കാനുളള കുതിപ്പിൽ. 3000 മീറ്റർ പിന്നിട്ടപ്പോഴേക്കും അമേരിക്കൻ താരത്തെ മറികടക്കാൻ നിക്കിയുടെ ശ്രമം.
നിക്കിയുടെ കാൽ തട്ടി എബി ട്രാക്കിൽ മറിഞ്ഞുവീണു. ഇതോടെ നിക്കിയും ഓട്ടം നിർത്തി. മറിഞ്ഞുവീണ എബിയെ പിടിച്ചെഴുന്നേൽപ്പിച്ച് തിരിച്ചുകൊണ്ടുവന്നു. എന്നാൽ കണങ്കാലിന് പരിക്കേറ്റ എബിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ഒളിംപിക് മത്സരമാണെന്നുപോലും ഓർമ്മിക്കാതെ നിക്കി, സഹതാരത്തിന് പൂർണ പിന്തുണയുമായെത്തി.
ആരോഗ്യ പരിചരണം കിട്ടുംവരെ കൂടെനിന്നു. ഇതെല്ലാം കഴിഞ്ഞ് ഫിനിഷിംഗ് പോയിന്റിലെത്തുമ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. മത്സരമല്ല, സഹജീവികളോടുളള കാരുണ്യ മനോഭാവമാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റെന്ന നിലപാടിലായിരുന്നു നിക്കി. കളിക്കളത്തിലെ മാന്യതയാർന്ന, മാതൃകയാർന്ന ഈ പെരുമാറ്റത്തിന് ഇരുവരെയും അധികൃതർ ആദരിച്ചത്, ഫൈനലിയേക്കുളള അവസരം നൽകിയാണ്. മത്സരബുദ്ധിയേക്കാൾ സഹതാരങ്ങളോടുളള അനുകമ്പയാണ് യഥാർത്ഥ ഒളിംപിക്സ് സന്ദേശമെന്ന് കാണിച്ചുതരുന്നു ഈ മാതൃക.