ബ്രയാന്‍ സഹോദരന്‍മാര്‍ ഒളിംപിക്‌സിനില്ല; ഇന്ത്യന്‍ സഖ്യത്തിന് പ്രതീക്ഷയേറി

By Web DeskFirst Published Aug 1, 2016, 11:13 AM IST
Highlights

റിയോ ഡി ജനീറോ: സിക വൈറസ് ഭീതി വീണ്ടും റിയോ ഒളിംപിക്‌സിന്റെ മാറ്റ് കുറക്കുന്നു. വൈറസിനെ പേടിച്ച് റിയോയിലേക്ക് ഇല്ലെന്ന് ടെന്നീസ് ഡബിള്‍സിലെ നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ബ്രയാന്‍ സഹോദരന്‍മാര്‍ വ്യക്തമാക്കി. താരജോഡിയുടെ പിന്മാറ്റം ഇന്ത്യയുടെ പെയ്‌സ്, ബൊപ്പണ്ണ സഖ്യത്തിന് കൂടുതല്‍ പ്രതീക്ഷയേകുന്നതാണ്.

ലോകത്തിലെ ഒന്നാം നമ്പര്‍ കൂട്ടുകെട്ടായിരുന്ന അമേരിക്കയുടെ മൈക്ക് ബ്രയാനും സഹോദരന്‍ ബോബ് ബ്രയാനും അത്ഭുതങ്ങള്‍ കാട്ടാന്‍ ഇത്തവണ റിയോയിലേക്കില്ല. തോമസ് ബെര്‍ഡിഷിനും മിലോസ് റാവോണിച്ചിനും സിമോണ ഹാലെപ്പിനും പിന്നാലെ സിക വൈറസിനെ പേടിച്ച് തങ്ങളും റിയോയിലേക്കില്ലെന്ന് ബ്രയാന്‍ സഹോദരന്‍മാര്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കി. ഭര്‍ത്താക്കന്‍മാരെന്ന നിലയിലും പിതാക്കന്‍മാരെന്ന നിലയിലും കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഒളിംപിക്‌സില്‍നിന്നുള്ള പിന്മാറ്റമെന്നും എആ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ബ്രയാന്‍ സഹോദരന്‍മാരുടെ പിന്മാറ്റം അമേരിക്കന്‍ ആരാധകരെ നിരാശപ്പെടുത്തുമ്പോള്‍ ഇന്ത്യയ്‌ക്കത് പ്രതീക്ഷ പകരുന്നതാണ്. മെഡല്‍ സ്വന്തമാക്കാനുറച്ച് റിയോയിലേക്കെത്തുന്ന ഇന്ത്യയുടെ പെയ്‌സ് - ബൊപ്പണ്ണ സഖ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ബ്രയാന്‍ സഹോദരന്‍മാര്‍. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇവരുടെ പിന്മാറ്റം ഇന്ത്യന്‍ പ്രതീക്ഷകളുടെ കരുത്ത് കൂട്ടുന്നു. ബ്രസീലിന്റെ മാര്‍സലോ മെലോ ബ്രൂണോ സോറസ് സഖ്യമായിരിക്കും ഇനിയുള്ള പ്രധാന കടന്പ. ടെന്നിസിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാകേണ്ടിയിരുന്ന ബ്രയാന്‍ സഹോദരന്‍മാര്‍ പിന്മാറുന്നത് റിയോയുടെ ആവേശം കുറക്കുമെന്നുറപ്പ്.

 

click me!