
ദില്ലി: റിയോ ഒളിംപിക്സിൽ 200 മീറ്ററിൽ പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യയുടെ ധരംബീർ സിംഗ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയുടെ നിർദ്ദേശപ്രകാരം ധരംബീറിന്‍റെ റിയോ യാത്ര റദ്ദാക്കി.
ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രമാണ് ഹരിയാനക്കാരനായ ധരംബീർ സിംഗ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്നലെ രാവിലെ റിയോയിലേക്ക് പോകേണ്ടിയിരുന്ന ധരംബീറിന്‍റെ യാത്ര റദ്ദാക്കി.
റിപ്പോട്ടിനെകുറിച്ച് പ്രതികരിക്കാൻ അത്‍ലറ്റിക്സ് ഫെഡറേഷൻ തയ്യാറായിട്ടില്ല. എപ്പോഴാണ് ഉത്തേജമരുന്ന് പരിശോധന നടത്തിയതെന്നും റിപ്പോർട്ടിലിലില്ല. 36 വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ഒളിംപിക്സിലെത്തുന്ന സ്പ്രിന്‍റ് താരമാണ് ധരംബീർ. 2015ലെ ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ധരംബീറായിരുന്നു തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിലെ വേഗമേറിയ താരം.
റോത്തക്കിലെ ദരിദ്രകുടുംബത്തിൽ ജനിച്ച ധരംബീർ അസൗകര്യങ്ങളെ അതിജീവിച്ചാണ് ഒളിംപിക്സ് യോഗ്യത നേടിയത്. ബംഗലൂരുവിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ 20.45 സെക്കൻഡിൽ ഓടിയെത്തിയാണ് ധരംബീർ ഒളിംപിക് യോഗ്യത നേടിയത്.
അടുത്തിടെ നടത്തിയ പരിശോധനയിൽ പരാജയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ കായികതാരമാണ് ഹരിയാനക്കാരനായ ധരംബീർ സിഗ്. ഗുസ്തി താരം നർസിംഗിന് ക്ലീൻ ചിറ്റ് കിട്ടിയെങ്കിലും ഷോട്ട്പുട്ട് താരം ഇന്ദർജീത് സിംഗിന്‍റെ ഒളിംപിക്സ് മോഹം പൊലിഞ്ഞു.