
റിയോ: നാലാം സ്ഥാനമേ നേടാനായുള്ളൂ എങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണു ദിപ റിയോയില്‍ നിന്നു മടങ്ങുന്നത്. ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് റിയോയില്‍ കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച 23 തികഞ്ഞ ദിപ കര്‍മാക്കറെന്ന ത്രിപുര സ്വദേശി ഇന്ത്യന്‍ ജിംനാസ്റ്റക്‌സില്‍ പുതുചരിത്രം കുറിക്കുകയായിരുന്നു. പ്രൊഡുനോവ എന്ന മരണ വോള്‍ട്ട് വിജയകരമായി ഫൈനലില്‍ പൂര്‍ത്തിയാക്കിയെങ്കിലും ദിപക്ക് നാലാം സ്ഥാനമേ നേടാനായുള്ളൂ. പക്ഷെ ജിംനാസ്റ്റക്‌സിലെ ലോകോത്തര താരങ്ങളോട് പൊരുതി നേടിയ ഈ നാലാം സ്ഥാനത്തിന് ഒരു ഒളിംപിക് മെഡലിന്റെ തിളക്കമുണ്ട്.
ജിംനാസ്റ്റക്‌സില്‍ ഏടുത്തു പറയാന്‍ ഒരു പാരമ്പര്യവുമില്ലാത്ത നാട്ടില്‍നിന്നാണു ദിപയുടെ വരവ്. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ് അഗര്‍ത്തലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഇന്നു റിയോ വരെ എത്തിനില്‍ക്കുന്നത്.
2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കിലം. അടുത്ത വര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം. ഇപ്പോഴിതാ ഒളിംപിക്‌സിലെ നാലാം സ്ഥാനവും. ദിപ നേട്ടങ്ങള്‍ ഓരോന്നായി ചവിട്ടിക്കയറുകയാണ്.
ദിപയുടെ ദൃഢനിശ്ചയത്തിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം കൊണ്ടാണ് ഇന്ത്യയിലെ കായിക പ്രേമികള്‍ റിയോയിലെ ജിനാംസ്റ്റിക്‌സ് വേദിയിലേക്ക് നോക്കിയിരുന്നത്. നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇനിയും ഏറെ പ്രതീക്ഷിക്കാമെന്ന ഉറപ്പാണു ദിപ നല്‍കുന്നത്. ഇന്ത്യയ്ക്ക് ഏറെ ചെയ്യാനാകുമെന്നു സ്വാതന്ത്ര്യദിനത്തില്‍ ദിപ പറയുമ്പോള്‍ അത് നമ്മുടെ കായിക കരംഗത്തിനു നല്‍കുന്ന ഊര്‍ജം ചില്ലറയല്ല.