ഞെട്ടിപ്പിക്കുന്ന ഇന്ത്യന്‍ 'ഉത്തേജക കഥ'

By Web DeskFirst Published Jul 29, 2016, 10:30 AM IST
Highlights

ഗ്രേറ്റ് ഇന്ത്യന്‍ ഉത്തേജക കഥ

ജനുവരി 1, 2009 മുതല്‍ ഇന്നുവരെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) 687 അത്ലറ്റുകളെയാണ് ഉത്തേജക ഉപയോഗത്തിന്‍റെ പേരില്‍ വിലക്കിയത്. അതായത് ശരാശരി നൂറിന് അടുത്ത് വരും ഒരോ കൊല്ലവും നാഡയുടെ വിലക്ക് ലഭിക്കുന്ന താരങ്ങളുടെ എണ്ണം. മുന്‍പ് ഒളിംപിക്സ് നടന്ന 2012 ല്‍ മാത്രം ദേശീയ കായിക രംഗത്ത് നിന്നും 176 കായിക താരങ്ങളെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത്രത്തോളം കായിക താരങ്ങള്‍ ഉത്തേജക മരുന്നിന്‍റെ പേരില്‍ പിടിക്കപ്പെട്ടില്ല.

എന്നാല്‍ ഈ വര്‍ഷം ഇതുവരെ 72 അത്ലറ്റുകള്‍ക്കാണ് നാഡ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ജൂലൈ 16 വരെയുള്ള കണക്കാണ് ഇത്. ഈ വര്‍ഷം വിലക്ക് കിട്ടിയതില്‍ 16 പേര്‍ ഈ വര്‍ഷം നടന്ന പരിശോധനയില്‍ പിടിക്കപ്പെട്ടവരും, ബാക്കിവരുന്ന 56 പേര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒളിംപിക്സ് യോഗ്യത ട്രെയലുകള്‍ക്ക് ഇടയില്‍ പിടിക്കപ്പെട്ടവരുമാണ്. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗം സംബന്ധിച്ച് 2009ന് മുന്‍പുള്ള കണക്കുകള്‍ ലഭ്യമല്ല.

2014 ലെ കണക്കുകള്‍ നോക്കിയാല്‍ ആ വര്‍ഷം ലോകത്ത് തന്നെ ഉത്തേജക ഉപയോഗത്തില്‍ പിടിക്കപ്പെട്ട താരങ്ങളുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യയ്ക്ക് മുന്നില്‍ റഷ്യയും, ഇറ്റലിയും ആയിരുന്നു. 

പിടിക്കപ്പെടുകയും വിലക്ക് ലഭിക്കുകയും ചെയ്ത താരങ്ങളില്‍ 266 പേര്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡ് അത്ലറ്റിക്ക് താരങ്ങളാണ്. 169 പേര്‍ ഗുസ്തിയില്‍ മത്സരിക്കുന്നവരാണ്. പ്രധാനമായും ദേശീയ, അന്തര്‍ദേശീയ താരങ്ങളെക്കാള്‍ ജൂനിയര്‍, സ്കൂള്‍, യൂണിവേഴ്സിറ്റി താരങ്ങള്‍ക്കാണ് വിലക്ക് കൂടുതല്‍ ഇതില്‍ നിന്നു തന്നെ എത്തരത്തിലാണ് വളര്‍ന്ന് വരുന്ന താരങ്ങള്‍ക്കിടയില്‍ ഉത്തേജന ഉപയോഗം എന്ന വിപത്ത് പരക്കുന്നത് എന്ന് വ്യക്തം.

പ്രധാനമായും ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ആനബോളിക്ക് സ്റ്റീറോയിഡിന്‍റെ ഉപയോഗത്തിനാണ് പിടിക്കപ്പെടാറ്, അവ Nandrolone, Stanozolol എന്നിവയാണ്. അത്ലറ്റിക്ക്, ഗുസ്തി താരങ്ങള്‍ക്ക് പുറമേ ഇന്ത്യയിലെ ബോക്സര്‍മാര്‍, സൈക്കിളിംഗ് താരങ്ങള്‍, പവര്‍ ലിഫ്റ്റേര്‍സ്, നീന്തല്‍ താരങ്ങള്‍, കബഡി താരങ്ങള്‍ എന്നിവരില്‍ ഉത്തേജകത്താല്‍ പിടിക്കപ്പെട്ട് വിലക്ക് ലഭിച്ചവരുണ്ട്. 

click me!