
ബ്രിട്ടന്‍റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചതെവിടെയെന്നോ?-ഇന്ത്യയില്‍. അതേ, 1874 ജൂണ്‍ ഒമ്പതിന് ഇന്ത്യയില്‍ ജനിച്ച ലോണ്‍സെസ്റ്റണ്‍ എലിയറ്റ് ആണ് ബ്രിട്ടന് ആദ്യമായി ഒളിമ്പിക് മെഡല്‍ നേടിക്കൊടുത്തത്. 1896 ഏതന്‍സ് ഒളിമ്പിക്‌സില്‍ ഭാരദ്വഹനത്തില്‍ ആയിരുന്നു ലോണ്‍സെസ്റ്റണ്‍ എലിയറ്റ് ചാമ്പ്യനായത്.
ഇന്ത്യയില്‍ മജിസ്‍ട്രേറ്റ് ആയിരുന്ന ചാള്‍സ് എലിയറ്റിന്റെയും ആനിന്റെയും മകനാണ് ലോണ്‍സെസ്റ്റണ്‍ എലിയറ്റ്. 1873ല്‍ വിക്ടോറിയയില്‍ വച്ച് ചാള്‍സുമായി വിവാഹിതയായ ആന്‍ ഗര്‍ഭം ധരിക്കുന്നത് ലോണ്‍സെസ്റ്റണില്‍ വച്ചാണ്. ഇതിനാലാണ് ടാസ്മാനിയയിലെ നഗരമായ ലോണ്‍സെസ്റ്റണ്‍ മകന്റെ പേരിനൊപ്പം ചേര്‍ത്തത്.
ചാള്‍സ് എലിയറ്റ് 1887ല്‍ ഇന്ത്യയിലെ ജോലി ഉപേക്ഷിക്കുകയും ബ്രിട്ടനിലേക്ക് പോകുകയുമായിരുന്നു. മാതാപിതാക്കളോടൊപ്പം ബ്രിട്ടനില്‍ എത്തിയ ലോണ്‍സെസ്റ്റണ്‍ എലിയറ്റ് ചെറുപ്പത്തിലേ ഭാരദ്വഹനത്തില്‍ മികവ് കാട്ടിയിരുന്നു. 1891ല്‍ തന്റെ പതിനാറാം വയസ്സില്‍ ബ്രിട്ടിഷ് വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 1894ല്‍ ബ്രിട്ടിഷ് ചാമ്പ്യനായി. 1896ല്‍ ഒളിമ്പിക്‌സിലും ചാമ്പ്യനായി.