
റിയോ ഡി ജനീറോ: ഹൃദയഭേദകമന്നല്ലാതെ ഈ തോല്‍വിയെ വിശേഷിപ്പിക്കാനാവില്ല. ഒളിംപിക്സ് ഹോക്കിയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ അവസാന സെക്കന്‍ഡുവരെ സമനിലയില്‍ പൂട്ടിയിട്ടിട്ടും ഒരു സെക്കന്‍ഡിലെ പിഴവില്‍ ഇന്ത്യ തോല്‍വിയിലേക്ക് വഴുതി വീണു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മ്മന്‍ ജയം.
കളി തീരാന്‍ മൂന്ന് സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ജര്‍മനിയുടെ വിജയഗോള്‍ ഇന്ത്യന്‍ വലയില്‍ വീണത്. ക്രിസ്റ്റഫര്‍ റുര്‍ ആണ് ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്. കളിയിലുടനീളം മികച്ച സേവുകളുമായി ഇന്ത്യന്‍ കോട്ട കാത്ത പി ആര്‍ ശ്രീജേഷിന് ഒരവസരം പോലും നല്‍കാതെയാണ് ബോക്സിലേക്ക് വന്ന ലോംഗ് പാസിലെ റിഫ്ലക്ഷനില്‍ നിന്ന് റുറിന്റെ ഗോള്‍.
ഗോള്‍രഹിതമായ ആദ്യക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍ നിക്ലാസ് വെല്ലനാണ് ജര്‍മ്മനിയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ വര്‍ധിതവീര്യത്തോടെ ആക്രമിച്ച ഇന്ത്യ അധികം വൈകാതെ സമനില ഗോള്‍ നേടി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് രൂപീന്ദര്‍പാല്‍ സിംഗായിരുന്നു ഇന്ത്യയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. മൂന്നാം ക്വാര്‍ട്ടറിലും നാലാം ക്വാര്‍ട്ടറിലും ഇരുടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു.
കളി തീരാന്‍ മിനുട്ടുകള്‍ ബാക്കിയിരിക്കെ ജര്‍മനനിയുടെ ഉറച്ച ഗോളവസരം ശ്രീജേഷ് തട്ടിയകറ്റിയത് ജര്‍മ്മനി അവിശ്വസനീയതയോടെയാണ് കണ്ടത്. എന്നാല്‍ അവസാന മിനിട്ടില്‍ പന്ത് വിട്ടുകൊടുക്കാതെ കൈവശംവെച്ച ജര്‍മ്മനിയുടെ തന്ത്രം ഫലിച്ചു. ബോക്സിന് പുറത്തുനിന്ന് തൊടുത്ത അവസാന ഷോട്ട് ബോക്സിനുള്ളില്‍ ശ്രീജേഷിന് സമീപം നില്‍ക്കുകയായിരുന്ന ക്രിസ്റ്റഫര്‍ റുറിന്റെ സ്റ്റിക്കില്‍തട്ടി വലയില്‍ വീണപ്പോള്‍ പറന്നുവീണിട്ടും ശ്രീജേഷിന് തടുക്കാനായില്ല. നാളെ അര്‍ജന്റീനയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.