
റിയോ ഡി ജനീറോ: കരുത്തരായ നെതര്‍ലന്‍ഡ്സിനെ ശരിക്കും വെള്ളംകുടിപ്പിച്ചെങ്കിലും ഉറപ്പായും സമനില നേടാമായിരുന്ന അവസരങ്ങള്‍ ഇന്ത്യ കളഞ്ഞുകുളിച്ചു. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് രണ്ടാം തോല്‍വി. പൂള്‍ ബിയില്‍ ഇന്ത്യ രണ്ടിനെതിരെ ഒരു ഗോളിന് ഹോളണ്ടിനോട് തോറ്റു. മല്‍സരം അവസാനിക്കാന്‍ ആറു സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയ്‌ക്ക് തുടരെ അഞ്ചു പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒരെണ്ണം പോലും മുതലാക്കാന്‍ ഇന്ത്യയ്‌ക്കു സാധിച്ചില്ല. ഹോളണ്ടിന് വേണ്ടി ഹോഫ്‌മാന്‍ റോഗിയറും വാന്‍ ഡര്‍ വീര്‍ഡന്‍ മിങ്കും ഗോളുകള്‍ നേടിയപ്പോള്‍, വി രഘുനാഥിന്റെ വകയായിരുന്നു ഇന്ത്യയുടെ മറുപടി ഗോള്‍.
ആദ്യ രണ്ടു ക്വാര്‍ട്ടറുകളും ഗോള്‍രഹിതമായിരുന്നെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഹോളണ്ടും ഇന്ത്യയും ഓരോ ഗോള്‍ വീതം നേടി. നാലാം ക്വാര്‍ട്ടറിലാണ് നെതര്‍ലന്‍ഡ്സ് വിജയഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഹോളണ്ടും ഇന്ത്യയും ആദ്യ ഗോളുകള്‍ നേടിയത്. മുപ്പത്തിരണ്ടാം മിനിട്ടില്‍ ഹോഫ്‌മാനും, ആറു മിനിട്ടുകള്‍ക്ക് ശേഷം രഘുനാഥിന്റെ മറുപടി ഗോളും വന്നതോടെ മല്‍സരം ശരിക്കും ആവേശകരമായി. ആക്രമണവും പ്രതിരോധവും ഒരുമിച്ചു മികവ് കാട്ടിയതോടെ ഇന്ത്യ മല്‍സരം സ്വന്തമാക്കുമെന്ന തോന്നലുളവായി. എന്നാല്‍ അമ്പത്തിനാലാം മിനിട്ടില്‍ വാന്‍ ഡര്‍ വീര്‍ഡന്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗോള്‍ മടക്കിയപ്പോള്‍ ഇന്ത്യ ആരാധകര്‍ സ്‌തംബ്‌ധരായിപ്പോയി. പ്രതീക്ഷ കൈവിടാതെ രണ്ടുംകല്‍പ്പിച്ചു ഇന്ത്യ ആക്രമണം അഴിച്ചുവിട്ടെങ്കിലും നിര്‍ഭാഗ്യമെന്നോണം ഗോള്‍ മാത്രം അകന്നുനിന്നു.
ഇന്ത്യയ്‌ക്ക് ഇപ്പോള്‍ പൂള്‍ ബിയില്‍ നാലു കളികളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയും ഉള്‍പ്പടെ ആറു പോയിന്റാണുള്ളത്. പൂളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയ്‌ക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാണ്. അവസാന കളിയില്‍ കാനഡയെ തോല്‍പ്പിക്കാനായാല്‍ മൂന്നാം സ്ഥാനക്കാരായി തന്നെ ക്വാര്‍ട്ടറിലെത്താനാകും. നാളെ രാത്രി ഒമ്പതുമണിക്കാണ് ഇന്ത്യ-കാനഡ മല്‍സരം.