മരണക്കിടക്കയില്‍ നിന്ന് ഒളിംപിക്സിലേക്ക്

By Web DeskFirst Published Aug 11, 2016, 12:54 PM IST
Highlights

മരണക്കിടക്കയില്‍ നിന്ന് ഒളിംപിക്സിലേക്ക്. അതാണ് ക്രിസ് മീയേഴ്സ് എന്ന ഇരുപത്തിമൂന്നുകാരന്റെ ജീവിതം. രണ്ടാം വരവില്‍  സ്വര്‍ണമെഡല്‍ നേടി റിയോയില്‍  ക്രിസ് ചരിത്രം കുറിച്ചു .


ടീം ഇനത്തില്‍ ഡൈവിംഗില്‍ ബ്രിട്ടണ് വേണ്ടി ആദ്യ മെഡല്‍ നേടിയ ക്രിസ്  തന്റെ തിരിച്ചുവരവിന് സുവര്‍ണതിളക്കമാണ് നല്‍കിയത്.

ഇത് സ്വപ്‍നമോ സത്യമോ.. റിയോയില്‍ ആദ്യ  സ്വര്‍ണം നീന്തിയെടുത്ത ശേഷം ക്രിസ് മിയേഴ്സ് ട്വിറ്ററില്‍ കുറിച്ചതാണീ വാക്കുകള്‍. സ്വപ്നതുല്യമാണ് ഇദ്ദേഹത്തിന്റെ ജീവിതവും.. ഏഴ് വര്‍ഷം മുന്പ് പതിനാറാം വയസ്സിലുണ്ടായ ദുരന്തം അറിഞ്ഞാല്‍ ഇന്നത്തെ ക്രിസ് നമുക്കും ഒരല്ഭുതമാകും.

2009ല്‍ അര്‍ബുദത്തിന് കാരണമാകുന്ന, എപ്സ്റ്റന്‍ വൈറസ് ബാധ  ക്രിസിന്റെ ശരീരത്തില്‍ കണ്ടെത്തി. രോഗം മൂര്‍ച്ഛിച്ചു,  ശസ്ത്രക്രിയക്ക് ശേഷം കോമ. ജീവിക്കാന്‍ സാധ്യത വെറും അഞ്ചു ശതമാനം മാത്രമെന്ന് വൈദ്യ ലോകം വിധിയെഴുതി. നാലു മാസം അബോധാവസ്ഥയില്‍. ഇനിയൊരിക്കലും ക്രിസ് കണ്ണുതുറക്കില്ലെന്ന്  കരുതിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ടൊരു തിരിച്ചുവരവ്.

ഡൈവിംഗിലെ ആദ്യ സ്വര്‍ണം ക്രിസും പങ്കാളി ജാക്ക് ലാഫറും നേടി. മൂന്നു മീറ്റര്‍ സിന്‍ക്രോണൈസിഡ് ഡൈവിംഗിലായിരുന്നു ജാക്കും ക്രീസും കരുത്തരായ ചൈനയെയും അമേരിക്കയും പിന്തള്ളി സ്വര്‍ണം നേടിയത്.കൂട്ടുകാരന്റെ അപൂര്‍വ്വനേട്ടത്തില്‍ ഏറ്റവും സന്തോഷിക്കുന്നുവെന്ന് ജാക്ക് പറയുന്നു.

click me!