
റിയോ ഡി ജനീറോ: പുരുഷ ബോക്‌സിംഗില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ വികാസ് കൃഷന്‍ ഇന്ന് ക്വാര്‍ട്ടറില്‍ മത്സരിക്കും. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരിയുടെ യോഗ്യത മത്സരവും ഇന്നാണ്.
ഷൂട്ടിംഗും ടെന്നിസുമെല്ലാം കൈവിട്ടെങ്കിലും റിയോയിലെ ഇടിക്കൂട്ടില്‍ നിന്ന് ഇന്ത്യ ശുഭവാര്‍ത്ത പ്രതീക്ഷിക്കുകയാണ്. പുരുഷന്‍മാരുടെ 75 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷന്റെ ക്വാര്‍ട്ടര്‍ എതിരാളി ഉസ്ബക്കിസ്ഥാന്റെ ബെക്തെമിര്‍ മെലികുസീവ് ആണ്. ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ മെഡല്‍ ഉറപ്പിക്കാം. നാളെ പുലര്‍ച്ചെ 3.30നാണ് മത്സരം. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ ലളിത ബാബര്‍ ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങും. മത്സരം രാത്രി 7.45ന്. വൈകിട്ട് നടക്കുന്ന വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ശ്രബാനി നന്ദയാണ്. അഞ്ചാം ഹീറ്റ്‌സില്‍ മത്സരിക്കുന്ന ശ്രബാനി വൈകിട്ട് 6.24ന് ട്രാക്കിലിറങ്ങും. മലയാളി പ്രതീക്ഷയുമായി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി ഇന്ന് യോഗ്യത റൗണ്ടില്‍ മത്സരിക്കുന്നുണ്ട്. വൈകിട്ട് ആറിനാണ് യോഗ്യത റൗണ്ട് തുടങ്ങുന്നത്. നാളെ രാവിലെ നടക്കുന്ന വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയയാണ് ഇന്ത്യന്‍ സാന്നിധ്യം. ഗുസ്തിയിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. പുരുഷന്‍മാരുടെ 85 കിലോ വിഭാഗത്തില്‍ രാത്രി ഏഴിന് ഇന്ത്യയുടെ രവീന്ദ്രര്‍ ഖാത്രി പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും.