
ജമൈക്കയിലെ വില്യം നിബ്ബ് സ്‌കൂളിനോട് നന്ദി പറയുകയാണ് ഈ നിമിഷം കായിക ലോകം ഒന്നാകെ. ആ സ്‌കൂളും അവിടുത്തെ കായികാധ്യാപകനും ഇല്ലായിരുന്നെങ്കില്‍ ട്രാക്കിലെ ഇതിഹാസമായി ഉസൈന്‍ ബോള്‍ട്ട് വളരില്ലായിരുന്നു.
1986 ഓഗസ്റ്റ് 21ന് ജമൈക്കയിലെ ട്രെലാവ്‌നിയിലാണ് ഉസൈന്‍ ബോള്‍ട്ടിന്റെ ജനനം. ചേട്ടന്‍ സാദിക്കിയുമൊത്ത് ക്രിക്കറ്റും ഫുട്‌ബോളും കളിച്ചുനടക്കുകയായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. മൈക്കല്‍ ഹോള്‍ഡിംഗിനെപ്പോലെയോ, കോട്‌നി വാല്‍ഷിനെപ്പോലെയോ ഒരു ക്രിക്കറ്റ് താരമാകണമെന്നായിരുന്നു കുഞ്ഞു ബോള്‍ട്ടിന്റെ ആഗ്രഹം. ഈ ആഗ്രഹത്തോടെയാണ് കായികപരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന ജമൈക്കയിലെ വില്യം നിബ് സ്‌കൂളില്‍ ചേരുന്നത്. ബോള്‍ട്ടിന്റെ വേഗവും ഉയരവും കണ്ട അധ്യാപകര്‍ ക്രിക്കറ്റ് പിച്ചിന് പകരം ബോള്‍ട്ടിനെ കൈപിടിച്ച് നടത്തിയത് ട്രാക്കിലേക്ക്. ചെറിയ അനിഷ്ടം ഉണ്ടായിരുന്നെങ്കിലും ബോള്‍ട്ട് വഴങ്ങി. അവിടെ നിന്നങ്ങോട്ട് ഇതിഹാസങ്ങളുടെ തലത്തിലേക്കുള്ള പ്രയാണമായിരുന്നു. മിന്നല്‍പ്പിണര്‍ പോലെ ബോള്‍ട്ട് കുതിച്ചപ്പോള്‍ എതിരാളികള്‍ നിഷ്ഭ്രമമായി. 2008ലെ ബീജിംഗ് ഒളിംപിക്‌സായിരുന്നു ബോള്‍ട്ടിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. 100, 200 മീറ്ററുകളിലും റിലേയിലും സ്വര്‍ണ്ണം. 100 മീറ്റര്‍ 9.68ല്‍ ഫിനിഷ് ചെയ്ത് ലോക റെക്കോര്‍ഡും സ്വന്തമാക്കി. തൊട്ടടുത്തവര്‍ഷം ബര്‍ലിനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 9.58ല്‍ ഫിനിഷ് ചെയ്ത് ലോക റെക്കോര്‍ഡ് തിരുത്തി. ലണ്ടന്‍ ഒളിംപിക്‌സിലും ബോള്‍ട്ടിന് ട്രിപ്പിള്‍. റിയോയിലും ലക്ഷ്യം ട്രിപ്പിള്‍. അതായത് ട്രിപ്പിള്‍ ട്രിപ്പിള്‍. അതിമാനുഷരുടെ പട്ടികയിലുള്ള ബോള്‍ട്ടിന് എത്രയോ നിസാരമായ കാര്യം. ഓരോ തവണയും ഉയരങ്ങളിലേക്ക് കയറുമ്പോള്‍ ലോകം നന്ദിയോടെ ഓര്‍ക്കുകയാണ് ജമൈക്കയിലെ വില്യം നിബ് സ്‌കൂളിനെ. ബോള്‍ട്ടിനെ ഇന്നത്തെ ബോള്‍ട്ടാക്കിയതിന്.