
ഫെല്‍പ്‍സ് എന്ന പ്രലോഭനം
18 സ്വര്‍ണമടക്കം 22 ഒളിമ്പിക് മെഡലുകള്‍ കഴുത്തിലണിയുന്ന സുവര്‍ണ താരങ്ങളിലൊരാളായ അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‍സിനോടൊപ്പം ഹീറ്റ്സിലെങ്കിലും മത്സരിക്കാനായാല്‍ അത് സ്വപ്‍ന സാക്ഷാത്കാരമാണെന്ന് സാജന്‍ പറഞ്ഞു. ഫെല്‍പ്‍സിന്റെയും പ്രിയ ഇനമായ 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈ സ്ട്രോക്കിലാണ് സാജനും മത്സരിക്കുന്നതെന്ന യാദൃശ്ചികത കൂടിയുണ്ട് റിയോയിലെ പോരാട്ടത്തിന്. നീന്തല്‍ക്കുളത്തിലെ ജീവിക്കുന്ന ഇതിഹാസമായ ഫെല്‍പ്‍സിന്റെ അവസാന ഒളിമ്പിക്സില്‍ അദ്ദേഹത്തോടൊപ്പം മത്സരിക്കാന്‍ അവസരം ലഭിക്കുക എന്നത് അധികം പേര്‍ക്കൊന്നും ലഭിക്കാനിടയില്ലാത്ത അപൂര്‍വ ഭാഗ്യമാണെന്നും സാജന്‍ പറയുന്നു.
ഒളിമ്പിക്സിലേക്കുള്ള വിളി അപ്രതീക്ഷിതം
ഒളിമ്പിക്സ് ബര്‍ത്ത് ലക്ഷ്യമിട്ട് കഴിഞ്ഞ ഒരുവര്‍ഷമായി കഠിന പരിശീലനത്തിലായിരുന്നു സാജന്‍. ഒന്നര ആഴ്ച മുമ്പ് നടന്ന ഹോങ്കോംഗ് മീറ്റില്‍ 200 മീറ്ററില്‍ 1.59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് സാജന് ഒളിമ്പിക്സിലേക്കുള്ള വഴി സുഗമമാക്കിയത്. അവസാന 50 മീറ്ററില്‍ അല്‍പം കൂടി മെച്ചപ്പെടുത്താനായാല്‍ 1.59 സെക്കന്‍ഡ് എന്നത് 158 സെക്കന്‍ഡായി മെച്ചപ്പെടുത്താമെന്ന് സാജന് പ്രതീക്ഷയുണ്ട്. ലോക റാങ്കിംഗിലും ഇത് ഗുണകരമാകും. എന്നാല്‍ ഒളിമ്പിക്സില്‍ സെമിയിലെങ്കിലും എത്തണമെങ്കില്‍ സമയം 1.57 സെക്കന്‍ഡെങ്കിലും ആയി മെച്ചപ്പെടുത്തേണ്ടിവരുമെന്ന യാഥാര്‍ഥ്യവും സാജന്‍ തിരിച്ചറിയുന്നുണ്ട്. അതിന് കഴിയുമെന്ന ആത്മവിശ്വാസവും സാജനിപ്പോഴുണ്ട്.
ഉറപ്പുകള്‍ ജലരേഖയായോ ?
ദേശീയ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടിയപ്പോള്‍ കേരള സര്‍ക്കാര്‍ സര്‍ക്കാര്‍ ജോലി അടക്കം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം തന്നെ ലഭിച്ചത്. സര്‍ക്കാര്‍ ജോലിയുടെ കാര്യം ഇതുവരെയും ഒന്നുമായിട്ടുമില്ല. വിദേശത്തെ പരിശീലനത്തിന് പോയതിന്റെ കണക്കുകള്‍ നല്‍കിയാലേ അതിന് ചെലവായ തുക നല്‍കാനാവൂ എന്നാണ് സര്‍ക്കാരിപ്പോള്‍ പറയുന്നത്.
കണ്ടുപഠിക്കണം തമിഴ്നാടിനെ
ദേശീയ ഗെയിംസില്‍ കേരളത്തിനായി മത്സരിച്ചത് കൊണ്ട് നേട്ടത്തേക്കാള്‍ ഉപരി നഷ്ടമേ ഉണ്ടായിട്ടുള്ളു സാജന്. കേരളത്തിനായി മത്സരിച്ചതിനാല്‍ അവിടുത്തെ കായിക താരങ്ങള്‍ക്കുള്ള ചാമ്പ്യന്‍ സ്കീമില്‍ നിന്നൊക്കെ എന്നെ ഒഴിവാക്കി. പ്രത്യക്ഷത്തില്‍ വിവേചനമൊന്നും ഇല്ലെങ്കിലും ഒളിമ്പിക്സിന് യോഗ്യത നേടിയ അവിടുത്ത കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷവും ഒരു കോടിയുമൊക്കെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ വാഗ്ദാനം ചെയ്ത 10 ലക്ഷം നല്‍കാന്‍ പോലും ഒരുവര്‍ഷത്തില്‍ കൂടുതലെടുത്തു.
ഒളിമ്പിക്സ് പോഡിയം സ്കീമില്‍(ടോപ്)അടുത്തിടെയാണ് എന്റെ പേര് ഉള്‍പ്പെടുത്തിയത്. വിദേശത്തെ പരിശീലനത്തിനും മറ്റുമായി വലിയ തുകയാണ് ചെലവാകുന്നത്. സ്പോണ്‍സര്‍മാരെ ലഭിക്കാത്തതാണ് താനിപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്നും സാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയായിട്ടും ലഭിക്കാത്തതിനാല്‍ തമിഴ്നാട്ടില്‍ റെയില്‍വെയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് സാജനിപ്പോള്‍. ഇതൊക്കെയാണെങ്കിലും പ്രതിസന്ധികളെ തുഴഞ്ഞുമാറ്റി ഒളിമ്പിക്സ് പോഡിയത്തില്‍ കയറിനില്‍ക്കുന്ന ദൃശ്യമാണ് തന്നെ ഇപ്പോള്‍ മുന്നോട്ടു നയിക്കുന്നതെന്നും സാജന്‍ പറയുന്നു.