അത് ചതി തന്നെ; നര്‍സിംഗിന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു ?

By Web DeskFirst Published Jul 27, 2016, 4:27 AM IST
Highlights

ദില്ലി: ഗുസ്തി താരം നർസിംഗ് യാദവിന്റെ ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തിയ ആളെ തിരിച്ചറിഞ്ഞതായി സൂചന. വൈകീട്ട് നാലരയ്ക്ക് ഗുസ്തി ഫെഡറേഷൻ സെക്രട്ടറി നാഡയ്ക്ക് മുമ്പാകെ ഇയാളെ ഹാജരാകും. പ്രമുഖ ഗുസ്തി താരത്തിന്റെ ഇളയ സഹോദരനും ജൂനിയര്‍ തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഗുസ്തി താരവും കൂടിയായ ആളാണ് നര്‍സിംഗിന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നര്‍സിംഗ് താമസിച്ചിരുന്ന സോനാപത്തിലെ കെ.ഡ‍ി.ജാദവ് ഹോസ്റ്റലില്‍ ഇയാള്‍ കറങ്ങിനടക്കുന്നത് കണ്ടവരുണ്ട്. 65 കിലോ ജൂനിയര്‍ വിഭാഗത്തിലാണ് ഇയാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്. ഒളിമ്പിക്സിന് മുന്നോടിയായി നര്‍സിംഗ് ബള്‍ഗേറിയയില്‍ പരിശീലനം നടത്തുമ്പോള്‍ ഇയാള്‍ കെ.ഡി.ജാഥവ് ഹോസ്റ്റലിലെ നര്‍സിംഗിന്റെ മുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തിനാണ് നര്‍സിംഗിന്റെ മുറിയുടെ താക്കോല്‍ എന്ന് ഹോസറ്റല്‍ അധികൃതര്‍ ചോദിച്ചപ്പോള്‍ ഇത് പവന്റെ റൂമല്ലെ എന്നായിരുന്നു ഇയാളുടെ മറുപടി.

ഇയാള്‍ക്കെതിരെ നര്‍സിംഗിന്റെ പരാതിയില്‍ സമല്‍ഖ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്. ഹോസ്റ്റലില്‍ സിസി ടിവികളുണ്ടെങ്കിലും നര്‍സിംഗിന്റെ മുറിയിലേക്ക് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ കയറിയ ആളുടെ ദൃശ്യങ്ങള്‍ ലഭ്യമല്ല. 10 ദിവസത്തില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാത്തതിനാലാണിത്. ഒളിമ്പിക്സിന് മുന്നോടിയായി 20 ദിവസം ബള്‍ഗേറിയയില്‍ പരിശീലനത്തിലായിരുന്നു നര്‍സിംഗ്. ജൂലൈ അഞ്ചിനാണ് നര്‍സിംഗിന്റെ മൂത്ര സാംപിള്‍ ഉത്തജക പരിശോധനയ്ക്കായി നാഡ‍ അധികൃതര്‍ ശേഖരിച്ചത്.

സോനാപത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്) കേന്ദ്രത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ യാദവിന്റെ എ സാമ്പിള്‍ പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ബി സാമ്പിളും പരിശോധിച്ചു. അതും പോസിറ്റീവ് ആയിരുന്നു.ഒളിമ്പിക്സില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സര്‍സിംഗ് യാദവും സുശീല്‍ കുമാറും കടുത്ത അഭിപ്രായ വത്യസത്തിലായിരുന്നു. 74 കിലോഗ്രാം ട്രയല്‍സില്‍ സുശീല്‍ കുമാര്‍ പരിക്കുമൂലം പങ്കെടുക്കാത്തതിനെ തുടര്‍ന്ന് നര്‍സിംഗ് ഒളിമ്പിക്‌സ് യോഗ്യത നേരിട്ട് നേടുകയായിരുന്നു.

74 കി.ഗ്രാം വിഭാഗത്തില്‍ മികച്ച താരമായ നര്‍സിംഗായിരുന്നു ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. ലാസ് വെഗാസിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയാണ് ഒളിമ്പിക് യോഗ്യത നേടിയത്.

 

click me!