
റിയോ ഡി ജനീറോ: ഒളിംപിക്സിന് ശേഷം ട്രാക്കിനോട് വിട പറയുമെന്ന് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. കരിയറില്‍ ഇനി കൂടുതലായി ഒന്നും തെളിയിക്കാനില്ലെന്നും ബോള്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം ബോള്‍ട്ടിനായിരുന്നു.
അതെ, റിയോ എന്റെ അവസാന ഒളിംപിക്സാണ്. ഞാന്‍ കരിയറില്‍ സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി എനിക്കൊന്നും തെളിയിക്കാനില്ല. 200 മീറ്റര്‍ 19 സെക്കന്‍ഡില്‍ ഓടിയെത്തുന്ന ആദ്യ മനുഷ്യനാവുകയാണ് റിയോയില്‍ എന്റെ ഏക ലക്ഷ്യം. അതുകൊണ്ടുതന്നെ 200 മീറ്ററിന് ഇറങ്ങുമ്പോള്‍ മാത്രമാണ് എനിക്കല്‍പ്പം ആശങ്കയുള്ളത്. 19.19 സെക്കന്‍ഡില്‍ 200 മീറ്റര്‍ ഫിനിഷ് ചെയ്തിട്ടുള്ള ബോള്‍ട്ടിന്റെ പേരില്‍ തന്നെയാണ് നിലവിലെ ലോക റെക്കോര്‍ഡും. ഏഴു വര്‍ഷം മുമ്പാണ് ബോള്‍ട്ട് ഈ റെക്കോര്‍ഡ് ഇട്ടത്. 100 മീറ്ററില്‍ 9.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ലോക റെക്കോര്‍ഡിട്ടത്.
വെള്ളിയാഴ്ച തുടങ്ങുന്ന അത്‌ലറ്റിക്സ് മത്സരത്തിന് മുന്നോടിയായാണ് ബോള്‍ട്ട് മാധ്യമങ്ങളെ കണ്ടത്. ആരാധകരെ ആനന്ദിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കാരണം ആരാധകര്‍ ഓരോ മത്സരവും കാണാനെത്തുന്നത് ആനന്ദം തേടിയാണ്. അതുകൊണ്ടുതന്നെ അവരെ വ്യത്യസ്തമായ രീതിയില്‍ സന്തോഷിപ്പിക്കാനാണ് എന്റെ ശ്രമം. റിയോയില്‍ സ്പ്രിന്റ് ട്രിപ്പിളാണ് ജമൈക്കന്‍ ഇതിഹാസം ലക്ഷ്യമിടുന്നത്. 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോഡും ബോള്‍ട്ടിന്റെ പേരില്‍ത്തന്നെയാണ്.
റിയോയില്‍ എത്തിയശേഷം താന്‍ നേരിട്ട ഏക പ്രതിസന്ധി സ്വന്തമായി ടിവി വാങ്ങേണ്ടിവന്നതാണെന്നും തമാശയായി ബോള്‍ട്ട് പറഞ്ഞു. 100, 200 മീറ്ററുകള്‍ക്കു പുറമെ 4 ഗുണം 100 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.100 മീറ്ററില്‍ മരുന്നടിക്ക് പിടിക്കപ്പെട്ടിട്ടുള്ള ജസ്റ്റിന്‍ ഗാട്‌ലിനോടും ലാ ഷോണ്‍ മെറെറ്റിനോടുും മത്സരിക്കേണ്ടിവരുന്നിതില്‍ ആശങ്കയൊന്നുമില്ലെന്നും അത്‌ലറ്റിക്സില്‍ നിന്ന് മരുന്നടിക്കാരെ പുറംതള്ളാനുള്ള ഊര്‍ജ്ജിത ശ്രമം നടന്നുവരികയാണെന്നും ബോള്‍ട്ട് പറഞ്ഞു.