ജിത്തു റായ് നിരാശപ്പെടുത്തി; ഫൈനലില്‍ അവസാന സ്ഥാനത്ത്

By Web DeskFirst Published Aug 6, 2016, 8:15 PM IST
Highlights

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായ് നിരാശപ്പെടുത്തി. പത്ത് മീ. എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ജിത്തു എട്ടാം സ്ഥാനത്തായിപ്പോയി. എട്ടുപേര്‍ മല്‍സരിച്ച ഈയിനത്തില്‍ 182.7 പോയിന്റ് നേടിയ വിയറ്റ്‌നാമിന്റെ ക്‌സുവാംഗ് ഹോംഗിനാണ് സ്വര്‍ണം. 78.7 പോയിന്റ് മാത്രമാണ് ജിത്തുവിന് നേടാനായത്. ഈയിനത്തില്‍ ആതിഥേയരായ ബ്രസീലിന് വെള്ളിയും ചൈനയ്‌ക്ക് വെങ്കലവും ലഭിച്ചു. ജിത്തുവിന് ഇനി 50 മീ. എയര്‍ പിസ്റ്റളിലും മത്സരമുണ്ട്. ജിത്തുവിന്റെ ഇഷ്ട ഇനമാണ് 50 മീ. എയര്‍ പിസ്റ്റള്‍.

നേരത്തെ 46 താരങ്ങള്‍ അണിനിരന്ന യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനം നേടിയാണ് ജിത്തു റായ് ഫൈനലിലെത്തിയത്. റിയോയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരമായിരുന്നു ജിത്തു റായ്. എന്നാല്‍ ഫൈനലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ജിത്തുവിന് സാധിച്ചില്ല. സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുപോയതാണ് ഇന്ത്യന്‍ താരം നിരാശപ്പെടുത്താന്‍ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനായ ജിത്തു റായ്, യോഗ്യതാറൗണ്ടില്‍ ഒരവസരത്തില്‍ ഇരുപതാം സ്ഥാനത്തേക്കുവരെ പിന്തള്ളപ്പെട്ടെങ്കിലും അവസാന റൗണ്ടുകളില്‍ അതിശക്തമായി തിരിച്ചുവരികയായിരുന്നു. അവസാന ഏഴു ഷോട്ടുകളാണ് ജിത്തുവിന്റെ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. 580 പോയിന്റുമായാണ് ജിത്തു ആറാമതെത്തിയത്. 590 പോയിന്റ് നേടിയ ചൈനീസ് താരം പാംങ് വെയ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയന്‍ താരം ജിന്‍ ജോന്‍ഗോ 584 പോയിന്റുമായി രണ്ടാമതെത്തി. അതേസമയം 576 പോയിന്റ് നേടിയ ഗുര്‍പ്രീത് സിങ് ഇരുപതാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു.

click me!