
ദില്ലി: റിയോയില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ താന്‍ നിരാശനാണെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്സ് ഇതിഹാസം മില്‍ഖാ സിങ്ങ്. വേണ്ട ഗൃഹപാഠവും പരിശീലനവുമില്ലാതെ ഇറങ്ങിയ അത്‌ലറ്റിക്ക് സംഘത്തില്‍ പ്രതീക്ഷയില്ലെന്നും മില്‍ഖാ സിങ്ങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കായിക മന്ത്രി വിജയ് ഗോയല്‍ റിയോയില്‍ അപമാനിക്കപ്പെട്ടതിന് ഉത്തരവാദി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആണെന്നും മില്‍ഖാ വ്യക്തമാക്കി.
റിയോ ഡി ജനീറോയില്‍ ഓരോ ദിവസവും ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിയുമ്പോള്‍ രാജ്യത്തിന്റെ പറക്കും സിങ്ങ് നിരാശ മറച്ച് വക്കുന്നില്ല. ചണ്ഡീഗഢില്‍ ചികിത്സയില്‍ കഴിയുന്ന മില്‍ഖ ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷനെതിരെ തുറന്നടിച്ചത്.
രാജ്യം മുഴുവന്‍ നിരാശയിലാണ്. കായിക മേഖലക്കായി പണവും, സ്റ്റേഡിയവും, മറ്റു സൗകര്യങ്ങളും എല്ലാ നല്‍കുന്നു. എന്നിട്ടും നിലവാരം മെച്ചപ്പെടുന്നില്ല. ഇതിന് ഉത്തരം നല്‍കേണ്ടത് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ്.അവരാണ് ഉത്തരവാദികള്‍-മില്‍ഖ പറഞ്ഞു. അത്‌ലറ്റിക്സില്‍ ആര്‍ക്കും സാദ്ധ്യത ഇല്ല എന്നാണ് എന്റെ അഭിപ്രായം. മെഡല്‍ നേടാന്‍ തക്ക കെല്‍പുള്ള ഒരു കായിക താരവും ഇന്ത്യന്‍ സംഘത്തില്‍ ഇല്ല എന്നാണ് എന്റെ നിരീക്ഷണം.
ഇതിന് കാരണക്കാര്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ്.നമ്മുടെ കായിക മന്ത്രി അപമാനിക്കപ്പെട്ടത് രാജ്യത്തിന് നേരിട്ട അപമാനമാണ്.ഇതെങ്ങനെ സംഭവിച്ചു.ഒളിംപിക് അസോസിയേഷന്‍ ഉത്തരം നല്‍കണം. മന്ത്രിയും രാജ്യവും നാണംകെടാന്‍ കാരണം ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷനാണ്. വളര്‍ന്ന് വരുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ മരുന്നടിച്ച് കരിയര്‍ തകര്‍ക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും മില്‍ഖ പറയുന്നു. അതേസമയം, ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹോക്കി സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും മില്‍ഖാ സിങ്ങ് പറഞ്ഞു.