
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് ഇന്നിറങ്ങും. 100 മീറ്ററിലാണ് ബോള്‍ട്ടിന്റെ റിയോയിലെ അരങ്ങേറ്റം. രാത്രി 8.30ന് തുടങ്ങുന്ന ഹീറ്റ്സിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. തിങ്കളാഴ്ച രാവിലെയാണ് 100 മീറ്ററിലെ സെമി ഫൈനല്‍. 100 മീറ്ററിന് പുറമേ 200 മീറ്ററിലും 4 ഗുണം 100 മീറ്റര്‍ റിലെയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്. മകന്റെ സ്വര്‍ണനേട്ടം നേരിട്ട് കാണാന്‍ ബോള്‍ട്ടിന്റെ മാതാപിതാക്കളായ വെല്ലസ്ലി ബോള്‍ട്ടും ജെന്നിഫറും റിയോയിലെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് പതിനാല് ബ്രസീലില്‍ അച്ഛന്‍മാര്‍ക്ക് വേണ്ടിയുളള ദിവസമാണ്. അച്ഛനോടുളള സ്നേഹവും ബഹുമാനവും എല്ലാമെല്ലാം പ്രകടിപ്പിക്കാനുളള ദിവസം. അതുകൊണ്ടുതന്നെ 100മീറ്ററില്‍ പുതിയ റെക്കോര്‍ഡിട്ട് ബോള്‍ട്ട് തിളങ്ങുന്നതാണ് ഒരച്ഛന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ സമ്മാനമെന്ന് വെല്ലസ്ലി ബോള്‍ട്ട് പറയുന്നു. ജസ്റ്റിന്‍ ഗാട്‌ലിന്‍ ഒരു ഘട്ടത്തിലും വെല്ലുവിളിയാവില്ലെന്നാണ് ഈ അച്ഛന്റെ വിശ്വാസം. എല്ലാവരും പറയുംപോലെ ബോള്‍ട്ട് ട്രിപ്പിള്‍ ട്രിപ്പിളടിക്കുന്നതും കാത്തിരിക്കുകയാണ് അമ്മ ജെന്നിഫര്‍.
ഒളിപിംക്‌സ് സമാപന ദിവസമായ ഈ മാസം 21നാണ് ഉസൈന്‍ ബോള്‍ട്ടിന്റെ പിറന്നാള്‍. ട്രിപ്പിള്‍ സ്വര്‍ണത്തിന്റെ നിറവില്‍ സാംബയുടെ നാട്ടില്‍ ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്നാണ് ഈ അച്ഛനനമ്മമാരുടെ ആഗ്രഹം. ഇവര്‍ക്കൊപ്പം ഒരു രാജ്യം മാത്രമല്ല, ലോകം മുഴുവനുമുളള ആരാധകര്‍ കാത്തിരിക്കുകയാണ് ബോള്‍ട്ട് മിന്നല്‍പ്പിണര്‍ ആവുന്നത് കാണാന്‍.