മോശം പ്രകടനം: ഉത്തരകൊറിയയിലെ ഒളിംപ്യന്‍മാര്‍ക്ക് കടുത്തശിക്ഷ

By Web DeskFirst Published Aug 25, 2016, 11:52 AM IST
Highlights

പ്യോംഗ്യാംഗ്: റിയോ ഒളിംപിക്‌സില്‍ മോശം പ്രകടനം നടത്തിയ താരങ്ങള്‍ക്ക് കടുത്ത ശിക്ഷയുമായി ഉത്തര കൊറിയ.ചിലതാരങ്ങളെ കല്‍ക്കരി ഖനികളിലേക്ക് അയക്കാനാണ് കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ തീരുമാനം. റിയോ ഒളിംപിക്‌സില്‍ സ്വന്തം രാജ്യത്തിന്റെ പ്രകടനത്തില്‍ ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോംഗ് ഉന്‍ തൃപ്തനല്ല. ലണ്ടനില്‍ നേടിയ നാല് സ്വര്‍ണവും രണ്ട് വെങ്കലവും റിയോയില്‍  അഞ്ച് സ്വര്‍ണമടക്കം 17 മെഡലുകളെങ്കിലും നേടണമെന്നായിരുന്നു കര്‍ശന നിര്‍ദേശം.

ഇതിനായി റിയോയിലേക്ക് അയച്ചത് 31 താരങ്ങളെ. നാട്ടില്‍ തിരിച്ചെത്തിയാല്‍ കാത്തിരിക്കുന്ന ശിക്ഷയോര്‍ത്ത് മത്സരിച്ച  ഇവര്‍ക്ക് നേടാനായത് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും. തീരെ മോശം പ്രകടനം നടത്തിയവരെ കല്‍ക്കരി ഖനി തൊഴിലാളികളാക്കാനാണ് കിം ജോംഗ് ഉന്നിന്റെ തീരുമാനം.

മറ്റുള്ളവരെ സൗകര്യം കുറഞ്ഞ വീടുകളിലേക്ക് മാറ്റും, മാത്രമല്ല, ഇവര്‍ക്കുള്ള റേഷനും കുറയ്‌ക്കും. സ്വര്‍ണം നേടിയവര്‍ക്ക് കാറും മറ്റ് സമ്മാനങ്ങളും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയും വെങ്കലവും നേടിയ താരങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള വീടുകള്‍ കിട്ടും. 2010 ഫുട്ബോള്‍ ലോകകപ്പില്‍ ഉത്തര കൊറിയ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോറ്റപ്പോഴും താരങ്ങളെ കിം ജോംഗ് ഉന്‍ കല്‍ക്കരി ഖനിയിലേക്ക് അയച്ചിരുന്നു.

 

click me!