റിയോ ഒളിമ്പിക്സ്: റഷ്യൻ താരങ്ങളെ വിലക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

By Web DeskFirst Published Jul 20, 2016, 4:37 AM IST
Highlights

മോസ്കോ: റിയോ ഒളിമ്പിക്സിൽ നിന്ന് റഷ്യൻ താരങ്ങളെ വിലക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. നിയമകാര്യങ്ങൾകൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് രാജ്യാന്തര  ഒളിമ്പിക് കൗൺസിൽ  വ്യക്തമാക്കി. റഷ്യൻ താരങ്ങളെ ഐഒസി സംരക്ഷിക്കുകയാണെന്ന ആരോപണവുമായി വിവിധ രാജ്യങ്ങളിലെ താരങ്ങൾ രംഗത്തെത്തി.

സർക്കാരിന്റെ അനുമതിയോടെ റഷ്യൻ കായിക താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷ്യൻ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി വിവിധ രാജ്യങ്ങൾ രംഗത്തു വന്നത്. ഈ പശ്ചാത്തലത്തിൽ ഇന്നലെ അടിയന്തരമായി ചേർന്ന രാജ്യാന്തര ഒളിമ്പിക് കൗൺസിൽ യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ഉത്തേജക പരിശോധനയിൽ കുറ്റക്കാരാണെന്നു കണ്ട താരങ്ങളെ വിലക്കാമെങ്കിലും ഒരു രാജ്യത്തെ ഒന്നടങ്കം വിലക്കുന്നത് താരങ്ങളുടെ അവകാശ ലംഘനമാകുമെന്ന  വിലയിരുത്തലിലാണ് തീരുമാനം വൈകിപ്പിക്കാൻ കാരണമെന്നാണ് ഐഒസി നിലപാട്.

റഷ്യയെ ഒന്നടങ്കം വിലക്കുന്നത് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാനാകൂയെന്ന് ഐഒസി വ്യക്തമാക്കി. 68 റഷ്യൻ കായിക താരങ്ങൾ റിയോയിൽ മത്സരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്ന കായിക തർക്കപരിഹാര കോടതിയുടെ വിധിയും പരിഗണിക്കുമെന്ന് ഐഒസി  അറിയിച്ചു.

മഗ്‍ലാരൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ താരങ്ങൾക്കെതിരെ നടപടി തുടങ്ങിയതായും ഐഓസി പ്രസിഡണ്ട് തോമസ് ബാക്ക് പറഞ്ഞു. കൗൺസിൽ തീരുമാനം സ്വാഗതം ചെയ്യുന്നതായി റഷ്യൻ കായിക മന്ത്രി വ്യക്തമാക്കി. എന്നാൽ മത്സരത്തിന് ദിവസങ്ങൾ ശേഷിക്കെ ഐഓസി റഷ്യൻ താരങ്ങൾക്കനുകൂലമായ വിധിയുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന വിമർശനവുമായി ചില മുതിർന്ന താരങ്ങൾ രംഗത്തെത്തി.

 

click me!