
റിയോ ഡി ജനീറോ: റിയോയിൽ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജിംനാസ്റ്റിക്സിൽ ദിപ കർമാക്കറുടെ ഫൈനലിന് വേണ്ടിയാണ്.ഫൈനലിൽ മികച്ച പ്രകടനം നടത്താൻ എല്ലാവരുടെയും പ്രാർഥന ഉണ്ടാവണമെന്ന് ദിപ അഭ്യർഥിച്ചു. ചൈനയുടെയും റഷ്യയുടെയും അമേരിക്കയുടെയുമെല്ലാം കുത്തകയായ ജിംനാസ്റ്റിക്സിൽ ദിപ കർമാകർ ചരിത്രംകുറിച്ചത് ഏറ്റവും അപകടകരമായ പ്രോഡുനോവ വോൾട്ടിലൂടെ.
അഭിനവ് ബിന്ദ്രയും ജിത്തു റായിയും ദീപിക കുമാരിയുമെല്ലാം റിയോയിൽ നിരാശമാത്രം ബാക്കിയാക്കിയപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ നീളുന്നത് ഞായറാഴ്ചത്തെ ദിപയുടെ ഫൈനലിലേക്കാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്താൻ രാജ്യത്തിന്റെ പ്രാർഥനയുണ്ടാവണമെന്ന് ദിപ പറയുന്നതും.
കോച്ച് ബി എസ് നന്ദിയും അട്ടിമറി നേട്ടം പ്രതീക്ഷിക്കുന്നു. ഫൈനലിൽ എത്തിയതോടെ ദിപയ്ക്ക് ഫിസിയോ സജാദ് അഹമ്മദിന്റെ സേവനവും ലഭ്യമാക്കി. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ ഇടപെടലാണ് ദിപയ്ക്ക് ഫിസിയോയുടെ സേവനം ലഭ്യമാക്കിയത്. ഒളിംപിക്സിൽ ജിംനാസ്റ്റിക്സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് 23കാരിയായ ദിപ കർമാകർ.