
റിയോ ഡി ജനീറോ: റിയോയിൽ ട്രിപ്പിൾ സ്വർണം തേടിയെത്തിയ ഉസൈൻ ബോൾട്ടിന് ആശംസയുമായി ട്രാക്കിലെ അമേരിക്കൻ സ്പ്രിന്റ് ഇതിഹാസം മൈക്കൽ ജോൺസൺ.റിയോയിൽ ബോൾട്ട് ചരിത്രം കുറിക്കുമെന്നും ആ നിമഷത്തിനായി കാത്തിരിക്കുകയാണെന്നും ജോൺസൺ പറഞ്ഞു. ട്രാക്കിലെ പുതിയ ഇതിഹാസത്തിന് കണ്ണുകാതും കൂർപ്പിച്ചിരിക്കുകയാണ് പഴയകാലത്തെ ട്രാക്കിലെ വേഗരാജാവ്.
നാലുതവണ അമേരിക്കക്ക് വേണ്ടി ഒളിംപിക് സ്വർണം നേടി ചരിത്രം കുറിച്ചിട്ടുണ്ട് മൈക്കൽ ജോൺസൺ. റിയോയിലെ ട്രാക്കിൽ ബോൾട്ട് മിന്നൽപ്പിണർ ആകുന്നതും കാത്തിരിക്കുന്നെന്ന് മൈക്കൽ ജോൺസൺ പറയുമ്പോൾ ആ വാക്കുകളിലെ ആരാധന വ്യക്തം. അപകടകരമായ വേഗത്തിനുടമയെന്നാണ് ബോൾട്ടിനെ മൈക്കൽ ജോൺസൺ വിശേഷിപ്പിക്കുന്നത്.
ബോൾട്ടും അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്‍ലിനും തമ്മിലുളള തീപാറും പോരാട്ടം കാണാൻ ലോകം കാത്തിരിക്കുമ്പോഴാണ് ജമൈക്കൻ താരത്തിന് ആശംസയുമായി മൈക്കൽ ജോൺസണെത്തുന്നതെന്നും ശ്രദ്ധേയം. 200 മീറ്ററില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇത്തവണ ബോള്‍ട്ട് ഇറങ്ങുക. എന്നാല്‍ തന്റെ പ്രതാപകാലത്തായിരുന്നെങ്കില്‍ ബോള്‍ട്ടിനെ 200 മീറ്ററില്‍ ഓടിത്തോല്‍പ്പിക്കുമായിരുന്നുവെന്ന് 48കാരനായ ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.