ദീപശിഖ തെളിയിക്കാനുള്ള നിയോഗം ലിമ അറിഞ്ഞത് അവസാന മണിക്കൂറില്‍

By Web DeskFirst Published Aug 7, 2016, 2:18 PM IST
Highlights

റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിംപിക്സിന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ശനിയാഴ്ച ദീപം തെളിഞ്ഞപ്പോള്‍ കായികലോകം ആകാംക്ഷയോടെ ഉറ്റു നോക്കിയത് ആരാകും ഒളിംപിക് ദീപം തെളിക്കുക എന്നായിരുന്നു. ഒടുവില്‍ ബ്രസീലിന്റെ മാരത്തണ്‍ ഇതിഹാസം വാന്‍ഡര്‍ ലീ ലിമ ദീപം തെളിച്ചപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകരാമായി കായികലോകം വാഴ്ത്തി.

എന്നാല്‍ ഒളിംപിക് ദീപം തെളിക്കുക എന്ന ചരിത്ര നിയോഗം തനിക്കാണെന്ന് ലിമ അറിഞ്ഞത് അവസാന മണിക്കൂറില്‍ മാത്രമാണ്. ഫുട്ബോള്‍ ഇതിഹാസം പെലെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഉദ്ഘാടനച്ചടങ്ങിനെത്തില്ലെന്ന് ഉറപ്പായതോടെയാണ് സംഘാടകര്‍ ദീപം തെളിക്കാനുള്ള നിയോഗം ലിമയെ ഏല്‍പ്പിച്ചത്. ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകരോട് ലിമ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

സ്പോണ്‍സര്‍മാരുടെ കടുംപിടുത്തമാണ് ബ്രസീലിന്റെ ഏറ്റവും വലിയ ഇതിഹാസ കായികതാരമായ പെലെയ്ക്ക് ചരിത്ര നിയോഗം നഷ്ടമാക്കിയത്. പെലെയുടെ സ്പോണ്‍സര്‍മാരെല്ലാം ഒളിംപിക്സ് ഓഫീഷ്യല്‍ സ്പോണ്‍സര്‍മാരായ മക്‌ഡൊണാള്‍ഡ‍ിന്റെയും ഒമേഗയുടെയും വിസ കാര്‍ഡിന്റെയും എതിര്‍പക്ഷത്തുള്ളവരാണ്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് പെലെ എത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

പെലെ എത്തിയില്ലെങ്കില്‍ ആര് എന്നതിനെക്കുറിച്ച് നേരത്തെ ആലോചിച്ച് പദ്ധതി തയാറാക്കിയിരുന്നുവെന്ന് സംഘാടകസമിതി വക്താവ് മരിയോ അന്‍ഡ്രാഡ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാലാണ് വരാന്‍ കഴിയാത്തതെന്നാണ് പെലെ അറിയിച്ചതെന്നും മരിയോ വ്യക്തമാക്കി.

 

click me!