നര്‍സിംഗിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനം; ഇന്ദര്‍ജിത് ഉത്തേജക മരുന്ന്ഉപയോഗിച്ചിട്ടില്ലെന്ന് നാ‍ഡ

By Web DeskFirst Published Jul 28, 2016, 5:01 AM IST
Highlights

ദില്ലി: ഗുസ്തി താരം നർസിംഗ് യാദവിന് റിയൊ ഒളിമ്പിക്സിൽ പങ്കെടുക്കാനാകുമോയെന്ന് ഇന്നറിയാം. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയുടെ അച്ചടക്ക സമിതിയുടെ അന്തിമ റിപ്പോർട്ട് ഇന്ന് വൈകീട്ട് പുറത്തിറക്കും.

ഇന്നലെ നർസിംഗിന്റെ വാദം നാഡ കേട്ടിരുന്നു. ദില്ലിയിലെ നാഡ കേന്ദ്രത്തിൽ അഭിഭാഷകനൊപ്പം എത്തിയാണ് നർസിംഗ് ഹാജരായത്. ഭക്ഷണത്തിൽ നിരോധിത മരുന്ന് കലർത്തി കുടുക്കുകയായിരുന്നുവെന്നാണ് നർസിംഗിന്റെ വാദം. ഗൂഢാലോചനയുടെ ഇരയാണ് താനെന്നും നർസിംഗ് നാഡയെ അറിയിച്ചു.

രണ്ടാം ഉത്തേജകമരുന്ന് പരിശോധനയിലും പരാജയപ്പെട്ട സാഹചര്യത്തിൽ താത്കാലിക വിലക്ക് നേരിടുന്ന നർസിംഗിന്റെ ഭാവി നിർണായകമാണ്. തീരുമാനം എതിരായാൽ പ്രവീൺ റാണയെ പകരക്കാരനായി വിടുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

രണ്ടാം ഉത്തേജകമരുന്ന് പരിശോധനയിൽ ഇന്ത്യയുടെ ഷോട്പുട്ട് താരം ഇന്ദര്‍ജിത് സിംഗ് നിരോധിത മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നാ‍ഡയുടെ റിപ്പോർട്ട്. കഴിഞ്ഞമാസം 29ന് നടത്തിയ പരിശോധനാ റിപ്പോർട്ടാണ് പുറത്തുവന്നത്.

22ന് നടത്തിയ പരിശോധനയിൽ ഇന്ദര്‍ജിത് സിംഗ് പരാജയപ്പെട്ട സാഹചര്യത്തിൽ ഒളിംപിക്സിൽ പങ്കെടുക്കാനാകില്ല. നാലു വർഷം വരെയുള്ള വിലക്കാണ് ഇന്ദര്‍ജിത്ത് നേരിടുന്നത്.  ജൂലൈ 10, 11 തീയതികളിലെ പരിശോധാ റിപ്പോർട്ടിന്റെ ഫലവും പുറത്തുവരാനുണ്ട്.

 

click me!