
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സില്‍ പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ലിയാന്‍ഡര്‍ പേസിനെ ഒളിംപിക്സ് വില്ലേജില്‍ മുറി പോലും നല്‍കാതെ അപമാനിച്ചുവന്ന് ആക്ഷേപം. ആറു തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള പേസ് വ്യാഴാഴ്ച വൈകിട്ടാണ് മാര്‍ട്ടീന ഹിംഗിസിനൊപ്പം റിയോയിലെത്തിയത്. നേരത്തെ ഡബിള്‍സ് പങ്കാളിയായ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം മുറി പങ്കിടില്ലെന്ന് പേസ് പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ റിയോയില്‍ തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നിരാശനാണെന്ന് പേസ് പ്രതികരിച്ചു. ന്യൂയോര്‍ക്കില്‍ വേള്‍ഡ് ടീം ടെന്നീസില്‍ കളിച്ചശേഷം സമയം കളയാതെ ആദ്യ ഫ്ലൈറ്റിന് തന്നെ താന്‍ റിയോയിലെത്തുകയായിരുന്നുവെന്നും പേസ് പറഞ്ഞു. ബൊപ്പണ്ണയുടെ മുറിയില്‍ താമസിക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും പേസ് വ്യക്തമാക്കി.
അപ്പാര്‍ട്ട്മെന്റില്‍ അനുവദിച്ച മൂന്ന് മുറികളില്‍ ടീമിന്റെ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായ സീഷാന്‍ അലിയും രോഹന്‍ ബൊപ്പണ്ണയും ടീം ഫിസിയോയുമാണ് താമസിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ചീഫ് ഡി മിഷനായ രാകേഷ് ഗുപ്ത ഇടപ്പെട്ട് പേസിന് മുറി ശരിയാക്കി കൊടുക്കുകയായിരുന്നു. ഇന്നലെ റിയോയിലെത്തിയ പേസ് സീഷാന്‍ ആലിയ്ക്കൊപ്പം ഒരു മണിക്കൂര്‍ പരിശീലനം നടത്തിയിരുന്നു.