
ഹൈദരാബാദിലെ പുലേല്ല ഗോപിചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ പത്തുമാസം മുമ്പ് കോര്‍ട്ടിന് നടുവില്‍ കണ്ണീരില്‍ കുതിര്‍ന്നു നിന്ന പി.വി.സിന്ധുവിനെ ആരാധകര്‍ ആരും കണ്ടുകാണില്ല. സഹതാരങ്ങളായ അമ്പതോളം പേര്‍ക്ക് മുമ്പില്‍വെച്ച് ഇനി താന്‍ പറയുന്നത് അനുസരിക്കാതെ റാക്കറ്റ് കൈകൊണ്ട് തൊടരുതെന്ന് ഗോപീ ചന്ദ് പറഞ്ഞതുകേട്ടാണ് സിന്ധു കണ്ണീരില്‍ കുതിര്‍ന്നത്. സിന്ധുവിന്റെ അച്ഛന്‍ പി.വി.രാമണ്ണയും ആ സമയം സിന്ധുവിനൊപ്പമുണ്ടായിരുന്നു. എന്നിട്ടും രാമണ്ണ ഒരക്ഷരം പറഞ്ഞില്ല, മകളെ ആശ്വസിപ്പിച്ചതുമില്ല. സിന്ധുവിനെ കരയിക്കാന്‍ മാത്രം എന്തായിരിക്കും ഗോപി അന്ന് പറഞ്ഞിട്ടുണ്ടാവുക- സി.ഗോപാലകൃഷ്ണന്‍ എഴുതുന്നു.
ആക്രമോത്സുകമായി അലറി വിളിച്ച് കളിക്കാതെ ഇനി റാക്കറ്റ് കൈകൊണ്ട് തൊടേണ്ടെന്നായിരുന്നു ഗോപി അന്ന് സിന്ധുവിന് നല്‍കിയ കര്‍ശന നിര്‍ദേശം. അതിന്റെ പേരിലായിരുന്നു കോര്‍ട്ടിനു നടുവിലെ സിന്ധുവിന്റെ കരച്ചില്‍.
സഹതാരങ്ങള്‍ക്ക് മുന്നില്‍വെച്ച് പരിശീലകന്‍ പരസ്യമായി വഴക്കുപറഞ്ഞതിന് കരഞ്ഞുതളര്‍ന്ന സിന്ധു ആ കരച്ചിലില്‍ നിന്ന് നേടിയ മന:ശക്തികൊണ്ട് കൂടിയാണ് റാങ്കിംഗില്‍ തന്നേക്കാള്‍ ഏറെമുന്നിലുള്ള എതിരാളിയെ ഇന്നലെ കോര്‍ട്ടില്‍ അടിയറവ് പറയിച്ചത്.
അച്ഛനമ്മമാരുടെ സംരക്ഷണത്തില്‍ മാത്രം വളരുന്ന ഇന്നത്തെ കുട്ടികള്‍ക്ക് പൊതുവെ സ്വയം പ്രകാശിപ്പിക്കാന്‍ മടിയാണ്. പ്രത്യേകിച്ചും സ്പോര്‍ട്സില്‍. അതുകൊണ്ടുതന്നെയാണ് സിന്ധുവിന്റെ ശരീരഭാഷ മാറ്റാതെ ഇനി റാക്കറ്റ് കൈകൊണ്ട് തൊടേണ്ടെന്ന് താന്‍ നിര്‍ദേശിച്ചതെന്ന് ഗോപി ചന്ദ് പറയുന്നു. എതിരാളിക്ക് ശക്തമായ സന്ദേശം നല്‍കാനും എതിരാളിക്കുമേല്‍ മാനസികാധിപത്യം നേടാനും അക്രമോത്സുകമായ ശരീരഭാഷയിലൂടെ കഴിയുമെന്നാണ് ഗോപിയുടെ മന്ത്രം. അതെന്തായാലും ഇന്നലെ ഒളിംപിക്സ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചൈനയുടെ വാങ് യിഹാനെ കീഴടക്കിയ ശേഷം മുഷ്ടിച്ചുരുട്ടി അലറിവിളിച്ച് വിജയഹ്ലാദം പ്രകടിപ്പിച്ച സിന്ധുവില്‍ കണ്ടത് ഗോപി വരുത്തിയ ആ വലിയ മാറ്റമായിരുന്നു.
സിന്ധുവിന്റെ ചൈനീസ് അധിനിവേശം തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പ്
യഥാര്‍ഥത്തില്‍ 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ലി സുരേയുവിനെതിരായ വിജയത്തോടെയാണ് സിന്ധു ചൈനീസ് താരങ്ങളുടെ കണ്ണിലെ കരടായത്. അന്നത് അപ്രതീക്ഷിത അട്ടിമറിയായി മാത്രം കണ്ട ബാഡ്മിന്റണ്‍ ലോകത്തിന് പിന്നീട് അത് തിരുത്തേണ്ടിവന്നു.
പിന്നീടുള്ള പല ടൂര്‍ണമെന്റുകളിലും സിന്ധുവിനെതിരെ ചൈനീസ് താരങ്ങള്‍ പുതുതന്ത്രങ്ങളും അടവുകളും പരീക്ഷിച്ചെങ്കിലും അവയെല്ലാം വിജയകരമായി മറികടക്കാന്‍ ഈ ഹൈദരാബാദുകാരിക്കായി.
2014ലെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിയിലെത്തിയ സിന്ധു ഡെന്‍മാര്‍ക്കില്‍ നടന്ന ലോകകപ്പിലും സെമിയിലെത്തി. ക്വാര്‍ട്ടറില്‍ അന്ന് സിന്ധുവിന് മുന്നില്‍ തലകുനിച്ചവരില്‍ ഒരാള്‍ ചൈനയുടെ വാങ് യിഹാന്‍ തന്നെയായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത. കഴിഞ്ഞ വര്‍ഷവും വാങ് യിഹാന്‍ സിന്ധുവിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. ഡെന്‍മാര്‍ക്ക് ഓപ്പണിലായിരുന്നു സിന്ധുവിന്റെ സ്വപ്നതുല്യമായ പ്രകടനം. തായ് സു യിംഗിനെയും വാങ് യിഹാനെയും ലോക ചാമ്പ്യനായ കരോലീന മാരിനെയും കീഴടക്കി ഫൈനലിലെത്തിയ സിന്ധുവിന് പക്ഷെ അന്ന് ലോക ഒന്നാം നമ്പറായ ലീ സുറേയിക്കു മുമ്പില്‍ ഒരിക്കല്‍കൂടി അടിതെറ്റി.
പ്രകാശം പരത്തിയ പെണ്‍കുട്ടികള്‍
പിന്നീട് പരിശീലകവേഷത്തിലേക്ക് തിരിഞ്ഞ ഗോപി ചന്ദിന്റെ ശിഷ്യയായിരുന്ന സൈന നേഹ്‌വാള്‍ ഇന്ത്യയെ ലോക ബാഡ്മിന്റണ്‍ ഭൂപടത്തില്‍ വ്യക്തമായി തന്നെ പ്ലേസ് ചെയ്തു. ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ സൈനയുടെയും ക്വാര്‍ട്ടറിലെത്തിയ പി കശ്യപിന്റെയും പ്രകടനങ്ങളും സൈനയുടെ സൂപ്പര്‍ സീരീസ് കിരീട നേട്ടങ്ങളും റാങ്കിംഗിലെ കുതിപ്പുമെല്ലാം ഇന്ത്യയിലെ യുവ ബാഡ്മിന്റണ്‍ പ്രതിഭകള്‍ക്ക് ആവേശവും പ്രചോദനവുമായി. എന്നാല്‍ അപ്പോഴേക്കും ഇന്‍ഡോനേഷ്യയെയും തായലന്‍ഡിനെയും മലേഷ്യയുമെല്ലാം മറികടന്ന് ചൈനീസ് താരങ്ങള്‍ മറ്റു കായിക ഇനങ്ങളിലേതിനുപോലെ ബാഡ്മിന്റണിലും അസ്‌പൃശ്യരായി മാറിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും വനിതാ ബാഡ്മിന്റണില്‍.
ലിന്‍ വാങും, വാങ് യിഹാനും വാങ് ഷിയാനുമെല്ലാം കോര്‍ട്ട് വാഴുന്ന വനിതാ ബാഡ്മിന്റണില്‍ സൈനയ്ക്ക് കുറച്ചുകാലത്തേക്കെങ്കിലും ഒന്നാം റാങ്കിലെത്താനായി എന്നതു തന്നെ ഇന്ത്യന്‍ ബാഡ്‌മിന്റണെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമായിരുന്നു.
എന്നാല്‍ അപ്പോഴും ചൈനീസ് താരങ്ങളെ മറികടക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളും കൈയെത്താ ദൂരം തന്നെയായിരുന്നു.
ചൈനീസ് താരങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും സൈന പോലും നെറ്റിലിടിച്ച് കാലിടറി വീണു. എന്നാല്‍ ചൈനീസ് താരങ്ങളെ നേരിടുമ്പോഴെല്ലാം സൈനയില്‍ നിന്ന് വ്യത്യസ്തമായി സിന്ധു മാനസിക മുന്‍തൂക്കം നേടുന്നത് ഇന്ത്യ മുമ്പും കണ്ടിട്ടുണ്ട്. എതിര്‍ കോര്‍ട്ടില്‍ ചൈനക്കാരിയാണെങ്കില്‍ സിന്ധു തന്റെ പ്രകടനമികവ് ഒരുപടികൂടി ഉയര്‍ത്താറുണ്ട്. സൈനയ്ക്കു പലപ്പോഴും കഴിയാതിരുന്നതും ഇതുതന്നെയായിരുന്നു.
രക്തത്തിലലിഞ്ഞ കായികമികവ്
2009ല്‍ കൊളംബോയില്‍ നടന്ന സബ് ജൂനിയര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണില്‍ ശ്രദ്ധേയയായത്. 2010ല്‍ മെക്സിക്കോയില്‍ നടന്ന വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയതോടെ ബാഡ്മിന്റണ്‍ ലോകവും സിന്ധുവിനെ ശ്രദ്ധിച്ചുതുടങ്ങി. എന്നാല്‍ സിന്ധുവിന്റെ യഥാര്‍ഥ അട്ടിമറി വരാനിരിക്കുന്നതോ ഉണ്ടായിരുന്നുള്ളു. 2012ല്‍ ചൈനാ മാസ്റ്റേഴ്സില്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ലീ സുരേയെ ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ മറികടന്നതോടെ രാജ്യാന്തര ബാഡ്മിന്റണിലും സിന്ധു ചൈനീസ് താരങ്ങളുടെ നോട്ടപ്പുള്ളിയായി.
2013ല്‍ മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്സില്‍ കിരീടം നേടി സൈനയുടെ യഥാര്‍ഥ പിന്‍ഗാമിയാണ് താനെന്ന് സിന്ധു തെളിയിക്കുകയും ചെയ്തു.റിയോയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൈനാ നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായപ്പോള്‍ നിരാശപ്പെട്ടവരേറെയായിരുന്നു. എന്നാല്‍ അന്ന് സിന്ധുവിനെ ആരും മെഡല്‍ പ്രതീക്ഷയായി കണ്ടില്ല. സെമിയില്‍ ജപ്പാന്റെ നോസുമി ഒക്കുഹറയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി സിന്ധു വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നിരിക്കുന്നു. സിന്ധുവിന്റെ ഉറച്ച ആ വെള്ളി പൊന്നാകട്ടെ എന്ന് ഇനി നമുക്ക് പ്രാര്‍ഥിക്കാം.
130 കോടി പ്രതീക്ഷ കാക്കാന്‍ ഗോപീചന്ദിന്റെയും രാജ്യത്തിന്റെയും അഭിമാന സിന്ധുവിന് റിയോയില്‍ കഴിയട്ടെയെന്ന് ആശിക്കാം.