നര്‍സിംഗ് യാദവിനെ കുറ്റവിമുക്തമാക്കിയതിനെതിരെ വാഡ

By Web DeskFirst Published Aug 16, 2016, 6:37 PM IST
Highlights

റിയോ ഡി ജനീറോ: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് വീണ്ടും തിരിച്ചടി. നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി രംഗത്തെത്തി. ഇതോടെ നര്‍സിംഗിന്റെ ഒളിംപിക് പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തില്‍ ആയി.

നര്‍സിംഗ് യാദവിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ നടപടിക്കെതിരെയാണ് ലോക ഉത്തേജകവിരുദ്ധ ഏജന്‍സി രംഗത്തെത്തിയിരിക്കുന്നത്. നാഡയുടെ നടപടിക്കെതിരെ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടയതില്‍ അപ്പീല്‍ നല്‍കിയെന്ന് വാഡ റിയോയിലെ ഇന്ത്യന്‍ സംഘത്തെ അറിയിച്ചു. അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. വ്യാഴാഴ്ച നേരിട്ട് ഹാജരാകാന്‍ നര്‍സിംഗിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നര്‍സിംഗിന്റെ മത്സരം. വാഡയുടെ അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ നര്‍സിംഗിന് നാലു വര്‍ഷം വരെ വിലക്ക് നേരിട്ടേണ്ടി വരും. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയുകയുമില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം നര്‍സിംഗ് ചോദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഡയുടെ അപ്പീല്‍ സംബന്ധിച്ച് നേരത്തെ വിവരം കിട്ടിയിട്ടും റിയോയിലെ ഇന്ത്യന്‍ സംഘത്തലവന്‍ രാകേഷ് ഗുപ്ത ദേശീയ ഗുസ്തി ഫെഡറേഷനെ സമയത്ത് അറിയിച്ചില്ലെന്നും ആരോപണമുണ്ട്. റഷ്യന്‍ സംഘത്തിന്റ ആവശ്യപ്രകാരമാണ് വാഡ നര്‍സിംഗിനെതിരെ അപ്പീല്‍ നല്‍കിയതെന്നാണ് സൂചന. കഴിഞ്ഞ ജൂണ്‍ 25 നാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ നര്‍സിംഗ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എന്നാല്‍ താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന നര്‍സിംഗിന്റെ വാദം അംഗീകരിച്ച നാഡ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

click me!