സിന്ധുവും മാരിനും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ എന്ത് സംഭവിച്ചു?

By Web DeskFirst Published Aug 19, 2016, 11:54 AM IST
Highlights

ഒരു രാജ്യത്തിന്റെ പ്രതീക്ഷകളുമായി പി വി സിന്ധു ഇറങ്ങുമ്പോള്‍, സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും നമ്മള്‍ ആഗ്രഹിക്കുന്നില്ല. ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന് മാരിനെയാണ് പി വി സിന്ധു ഒളിംപിക്‌സ് ബാഡ്‌മിന്റണ്‍ വനിതാ വിഭാഗം ഫൈനലില്‍ എതിരിടുന്നത്. ഈ സീസണില്‍ ഉടനീളം ഉജ്ജ്വല ഫോമില്‍ കളിച്ച താരമാണ് മാരിന്‍. അതേസമയം ഒളിംപിക്‌സില്‍ ലോകത്തെ മുന്‍നിര താരങ്ങളെ അട്ടിമറിച്ച കരുത്തുമായാണ് സിന്ധു ഇറങ്ങുന്നത്. പി വി സിന്ധുവും കരോലിന മാരിനും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ എന്ത് സംഭവിച്ചു? ഇവര്‍ തമ്മില്‍ ഇതുവരെ ഏഴു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ നാലുതവണ മാരിനും മൂന്നു തവണ സിന്ധുവും ജയിച്ചിട്ടുണ്ട്. 2013-14 സീസണില്‍ ബാഡ്‌മിന്റണില്‍ രാജ്യാന്തര തലത്തില്‍ പ്രശസ്‌തയായ കരോലനി മാരിന്‍ അതിവേഗമാണ് ലോകത്തെ ഒന്നാം നമ്പര്‍ എന്ന പദവിയിലേക്ക് ഓടിക്കയറിയത്. കരുത്തരായ ചൈനീസ് എതിരാളികളെ തുടരെത്തുടരെ തോല്‍പ്പിച്ചാണ് മാരിന്‍ മുന്നേറിയത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ സൈനയുടെ നിഴലില്‍ ആയിപ്പോയെങ്കിലും പിന്നീട് പരിക്കിനെയും മുന്‍നിരക്കാരെയും പൊരുതിത്തോല്‍പ്പിച്ച സിന്ധു, രാജ്യാന്തരതാരമായി വളര്‍ന്നു. റിയോയില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന സിന്ധു, തന്റേതായ ദിവസം ഏതു വലിയ എതിരാളിയെയും തോല്‍പ്പിക്കുമെന്നതാണ് ചരിത്രം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കരോലിന മാരിനെ വ്യക്തമായ ആധിപത്യത്തോടെ തോല്‍പ്പിച്ചതിന്റെ ഓര്‍മ്മകളുമായാകും ഇന്ന് സിന്ധു കോര്‍ട്ടില്‍ ഇറങ്ങുക.

click me!