സ്വര്‍ണപ്പോരില്‍ സിന്ധുവിനെ കാത്ത് മാരിന്‍

By Web DeskFirst Published Aug 18, 2016, 7:49 PM IST
Highlights

റിയോ ഡി ജനീറോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ന്  രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങുന്ന പി.വി.സിന്ധുവിന് നേരിടാനുള്ളത് കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി. 130 കോടി പ്രതീക്ഷകളുടെ ഭാരവുമായി ഇറങ്ങുന്ന സിന്ധു നേരിടുന്ന സ്പെയിനിന്റെ കരോലിനാ മാരിന്‍ നിലവില്‍ വനിതാ ബാഡ്മിന്റണിലെ ഒന്നാം റാങ്കുകാരിയാണ്. 2014ലും 2015ലും ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയ കരോലിനാ മാരിന്‍ ഇന്ത്യുടെ സൈന നെഹ്‌വാളിനെ സ്ഥിരമായി കീഴടക്കിയതിലൂടെ ഇന്ത്യന്‍ ആരാധകരുടെയും കണ്ണിലെ കരടാണ്.

ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യം തകര്‍ത്തെറിഞ്ഞാണ് മാരിന്‍ തുടര്‍ച്ചായായി രണ്ടുതവണ ലോക ചാമ്പ്യനായത്. ലോകചാമ്പ്യനാവുന്ന ആദ്യ സ്പാനിഷ് താരമെന്ന റെക്കോര്‍ഡും മൂന്നാമത്തെ യൂറോപ്യന്‍ താരമെന്ന റെക്കോര്‍ഡും മാരിന് സ്വന്തമാണ്. 2009ല്‍ പതിനാറാം വയസില്‍ ഐറിഷ് ഇന്റര്‍നാഷണലില്‍ കിരീടം നേടിയതോടെയാണ് ബാഡ്മിന്റണ്‍ ലോകം മാരിനെ ശ്രദ്ധിച്ചു തുടങ്ങിയത്. 2011ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ ജൂനിയേഴ്സില്‍ ഒറ്റ ഗെയിം പോലും വിട്ടുകൊടുക്കാതെ കിരീടം നേടി മാരിന്‍ വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു.

ബാഡ്മിന്റണില്‍ 2013ല്‍ ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തി മാരിന്‍ സീനിയര്‍ തലത്തിലേക്കുള്ള വരവറിയിച്ചു. ചൈനീസ് താരങ്ങളുടെ മൃഗീയാധിപത്യത്തെ വെല്ലുവിളിച്ചായിരുന്നു മാരിന്റെ മുന്നേറ്റം. 2014ല്‍ യൂറോപ്യന്‍ സീനിയര്‍ കിരീടവും ലോക ചാമ്പ്യന്‍ഷിപ്പും ജയിച്ച് മാരിന്‍ എതിരാളികള്‍ ഭയക്കുന്ന താരമായി വളര്‍ന്നു. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തിയതോടെ മാരിന്‍ ബാഡ്മിന്റണ്‍ ലോകത്തിന്റെ നെറുകയിലുമെത്തി.

റിയോ ഒളിംപിക്സില്‍ ചൈനയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയും നിലവിലെ ചാമ്പ്യനുമായ ലീ സുറേയിയെ സെമിയില്‍ കെട്ടുകെട്ടിച്ചാണ് മാരിന്റെ വരവ്. നാലുവര്‍ഷം മുമ്പ് ലണ്ടനില്‍ ബാഡ്‌മിന്റണില്‍ മെഡലുകള്‍ തൂത്തുവാരിയ ചൈനയ്ക്ക് ബ്രസീലില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

click me!