പ്രതിസന്ധിയ്ക്കിടെ ഒരു 'ഓണക്കാലം' കൂടി; ചില ജനപ്രിയ ഓണ സിനിമാ പാട്ടുകള്‍ പരിചയപ്പെടാം

Web Desk   | Asianet News
Published : Aug 06, 2020, 07:05 PM ISTUpdated : Aug 06, 2020, 07:43 PM IST
പ്രതിസന്ധിയ്ക്കിടെ ഒരു 'ഓണക്കാലം' കൂടി; ചില ജനപ്രിയ ഓണ സിനിമാ പാട്ടുകള്‍ പരിചയപ്പെടാം

Synopsis

ശ്രീകുമാരന്‍ തമ്പിയും സലിൽ ചൗധരിയും ഒന്നിച്ച വിഷുക്കണി എന്ന ചിത്രത്തിലെ  'പൂവിളി പൂവിളി പൊന്നോണമായി' എന്ന ഗാനം ഇന്നും ഹിറ്റാണ്  

കൊവിഡ് പ്രതിസന്ധിക്കിടെ ഒരു ഓണക്കാലം കൂടി വരവായ്. മലയാളികൾക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണം. പഴമയുടെ ഓര്‍മ്മപുതുക്കലും കൂട്ടായ്മയും എല്ലാം നിറഞ്ഞു നിൽക്കുന്ന ഓണക്കാലത്ത് ഓണപാട്ടുകൾക്കും പ്രാധാന്യം ഏറെയാണ്. വാമൊഴിയായി പൂര്‍വ്വികര്‍ നമുക്ക് സമ്മാനിച്ച ഓണപാട്ടുകൾ നിരവധിയാണെങ്കിലും മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണ ഓര്‍മ്മകളില്‍ നിറയുന്നത് സിനിമാ പാട്ടുകള്‍ തന്നെയാണ്. അത്തരം ചില ജനപ്രിയ ഓണ സിനിമാ പാട്ടുകളെ പരിചയപ്പെടാം.

1955 ല്‍ പുറത്തിറങ്ങിയ 'ന്യൂസ് പേപ്പര്‍ ബോയ്'  എന്ന ചിത്രത്തിലെ "മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്ന പരമ്പരാഗത പാട്ടാണ് സിനിമയിലൂടെ ആദ്യമായി കേള്‍ക്കുന്ന ഓണപ്പാട്ട്. എ.വിജയനും എ. രാമചന്ദ്രനും ഈണം നല്‍കി കമുകറ പുരുഷോത്തമനും ശാന്ത പി. നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പി ഭാസ്കരന്‍മാഷിന്റെ വരികൾക്ക് ബാബുരാജിന്റെ ലാളിത്യമാര്‍ന്ന സംഗീതം കൊണ്ട് ശ്രദ്ധേയമായ ഗാനമാണ്  "ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി' എന്ന ഗാനം. കവിയൂര്‍ രേവമ്മ പാടിയ ഗാനം 1961 ല്‍ പുറത്തുവന്ന മുടിയനായ പുത്രൻ എന്ന ചിത്രത്തിലെതായിരുന്നു. 

യുവജനോത്സവവേദികളിലുടെ ഹിറ്റായ ഗാനമായിരുന്നു വയലാറിന്റെ തൂലികയില്‍ പിറന്ന 'മാവേലി വാണൊരുകാലം മറക്കുകില്ലാ മലയാളം' എന്ന ഗാനം. 1960തിൽ കുറ്റവാളി എന്ന ചിത്രത്തിനുവേണ്ടി വയലാര്‍-ദക്ഷിണാമൂര്‍ത്തി ടീമാണ് ഈ ഗാനം ഒരുക്കിയത്. പി സുശീലയാണ് ഗാനം ആലപിച്ചത്.

'പൂവേ പൊലി പൂവേ പൊലി പൊലി പൂവേ, തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂ തരണേ'.1972 ല്‍ ചെമ്പരത്തി എന്ന ചിത്രത്തില്‍ മാധുരി പാടിയ ഈ ഗാനം വയലാര്‍-ദേവരാജൻ കൂട്ട് കെട്ടിന്റെ അനശ്വര സഷ്ടിയാണ്. മലയാളിയുടെ ഓണപാട്ടുകളിൽ എന്നും മുൻപന്തിയിലാണ് ഈ ഗാനം

1973 ആയപ്പോഴേക്കും മലയാളത്തിൽ ശ്രീകുമാരന്‍ തമ്പി- എം കെ അര്‍ജുനന്‍ കൂട്ടുകെട്ട് വന്നു. 'പൂവണിപ്പൊന്നുംചിങ്ങം വിരുന്നു വന്നു പൂമകളേ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു, പഞ്ചവടി എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരുന്നത് യേശുദാസായിരുന്നു.

1975ല്‍ പുറത്തിറങ്ങിയ തിരുവോണം എന്ന ചിത്രത്തിലെ 'തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍' എന്ന ഗാനം ശ്രീകുമാരൻ തമ്പിയുടെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്. വാണി ജയറാം പാടിയ ഗാനം ഇന്നും ചാനലുകളില്‍ ആഘോഷിക്കുന്നു.


യേശുദാസ്-സലിൽ ചൗധരി-ഓഎൻവി കൂട്ട് കെട്ടിൽ പിറന്ന ഗാനമായിരുന്ന 'ഓണപ്പൂവേ  ഓണപ്പൂവേ' എന്ന ഗാനം ഇന്നത്തെ തലമുറക്ക് പരിചയമുള്ള ഓണപ്പാട്ടുകളില്‍ ഒന്നാമതാണ്


ശ്രീകുമാരന്‍ തമ്പിയും സലിൽ ചൗധരിയും ഒന്നിച്ച വിഷുക്കണി എന്ന ചിത്രത്തിലെ  'പൂവിളി പൂവിളി പൊന്നോണമായി' എന്ന ഗാനം ഇന്നും ഹിറ്റാണ്

മലയാളി നെഞ്ചിലേറ്റിയ ഓണഗാനങ്ങള്‍ ഇനിയുമേറെയുണ്ട്. ഓഎന്‍വി എഴുതി എസ് പി വെങ്കിടേഷ് ഈണമിട്ട കിഴക്കന്‍പത്രോസിലെ 'പാതിരാക്കിളി', രമേശന്‍ നായരെഴുതി എസ് പി വെങ്കിടേഷ് തന്നെ ഈണമൊരുക്കിയ 'ഓണത്തുമ്പീ പാടൂ' തുടങ്ങി എത്രയോ ഗാനങ്ങള്‍.

PREV
click me!

Recommended Stories

ഓണം ആഘോഷിക്കണമെന്ന് ഓസ്ട്രേലിയയിലെ കുട്ടികൾ, മാവേലിയും പൂക്കളവും അടക്കം കളറാക്കി ആഘോഷം
ന്യൂസിലൻഡ് മലയാളികളുടെ പൊളി ഓണാഘോഷം