ഇത് പൂന്തോട്ടമല്ല, പൂപ്പാലം, കൃഷി ചെയ്യാൻ പാലവും ബെസ്റ്റെന്ന് ഉദയകുമാർ

Published : Sep 03, 2022, 07:59 PM IST
ഇത് പൂന്തോട്ടമല്ല, പൂപ്പാലം, കൃഷി ചെയ്യാൻ പാലവും ബെസ്റ്റെന്ന് ഉദയകുമാർ

Synopsis

മത്സ്യകൃഷിയുടെ ആവശ്യത്തിന് തോട്ടിൽ നിർമിച്ച പാലത്തിലാണ് ഉദയകുമാർ പൂന്തോട്ടം ഒരുക്കിയത്. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ ഉദയകുമാറിന്റെ വേറിട്ട കൃഷി രീതികൾ കൃഷി ചെയ്യാൻ ഭൂമിയില്ല എന്ന കാരണം പറഞ്ഞ് ഒഴിയുന്നവർക്ക് പ്രചോദനമാണ്.

ആലപ്പുഴ: പൂക്കളമൊരുക്കാൻ ഇക്കുറിയും ഉദയകുമാറിന്റെ പാലത്തിൽ നിന്ന് പൂക്കളുണ്ട്. ഉദയകുമാറിന്റെ പൂപ്പാലം കാണികളെ ആനന്ദത്തിലാക്കും. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബന്ദിപ്പൂക്കൾ പാലം നിറഞ്ഞു നിൽക്കുന്നത് കണ്ണിന് കുളിർമ പകരുന്ന കാഴ്ച്ചയാണ്. വേറിട്ട കൃഷിരീതികൾ കൊണ്ട് ശ്രദ്ധേയനായ കാർത്തികപ്പള്ളി പുളിക്കീഴ് പുത്തൻവീട്ടിൽ ഉദയകുമാർ (53) കഴിഞ്ഞ വർഷം മുതലാണ് പാലത്തിൽ വസന്തം വിരിയിച്ച് തുടങ്ങിയത്. പരീക്ഷണം വൻ വിജയമായതോടെയാണ് ഇക്കൊല്ലവും ആവർത്തിച്ചത്.

മത്സ്യകൃഷിയുടെ ആവശ്യത്തിന് തോട്ടിൽ നിർമിച്ച പാലത്തിലാണ് ഉദയകുമാർ പൂന്തോട്ടം ഒരുക്കിയത്. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ ഉദയകുമാറിന്റെ വേറിട്ട കൃഷി രീതികൾ കൃഷി ചെയ്യാൻ ഭൂമിയില്ല എന്ന കാരണം പറഞ്ഞ് ഒഴിയുന്നവർക്ക് പ്രചോദനമാണ്. വെള്ളക്കെട്ടിൽ സർക്കാർ സഹായത്തോടെ മത്സ്യകൃഷി ആരംഭിക്കുകയും മത്സ്യത്തിനു തീറ്റ കൊടുക്കുന്ന ഒരാൾക്ക് നടന്നു പോകുന്ന രീതിയിൽ 40 മീറ്റർ നീളത്തിൽ തോട്ടിലേക്ക് പാലം നിർമ്മിക്കുകയും ചെയ്തു. ഈ പാലമാണ് കൃഷിയുടെ പരീക്ഷണ കേന്ദ്രം ആക്കി മാറ്റുന്നത്.

150 ഗ്രോബാഗിലാണ് ബാംഗ്ലൂരിൽ നിന്നും ബന്ദിതൈ വരുത്തി കൃഷി ചെയ്തത്. രണ്ട് മാസമാകുമ്പോൾ പൂവിട്ട് തുടങ്ങും. നാലു ദിവസം കൂടുമ്പോൾ 10 കിലോ പൂക്കൾ കഴിഞ്ഞ വർഷം വിളവെടുത്തിരുന്നു. മൂന്നുമാസം വരെ വിളവെടുക്കാം. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിളവാണ് ഇക്കുറിയെന്ന് ഉദയകുമാർ പറഞ്ഞു. കാർത്തികപ്പള്ളി പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകൻ കൂടിയാണ് ഉദയകുമാർ. കൃഷിഭവന്റെ ഓണചന്തകളിൽ പാവൽ, പടവലം, സലാഡ് കുക്കുമ്പർ, ഇടവിളകൾ തുടങ്ങി നിരവധി ഇനങ്ങൾ ഉദയന്റെ തോട്ടത്തിൽ നിന്ന് സ്ഥിരമായി വിവിധ ചന്തകളിൽ എത്താറുണ്ട്.

ഉദയകുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കാർത്തികപ്പള്ളി കൃഷിഭവന്റെ ഇക്കോഷോപ്പാണ് പ്രധാന വിപണന കേന്ദ്രം. പഞ്ചായത്തിലെ മികച്ച പുഷ്പ കർഷനെന്ന പേരും ഉദയകുമാറിന് സ്വന്തമായി കഴിഞ്ഞു. പാലത്തിലെ നാലാമത്തെ പരീക്ഷണമാണിത്. ചീര വിളയിച്ചാണ് പാലത്തിൽ കൃഷിക്ക് തുടക്കമിട്ടത്. പിന്നീട് പയറും കുക്കുമ്പറും വിളയിച്ചു. 480 കിലോ കുക്കുമ്പറും 250 കിലോ പയറും ആണ് പാലത്തിൽനിന്നും ഉദയകുമാർ വിളവെടുത്തത്.

മേൽക്കൂരയിലെ വെള്ളം ഒഴുകിപ്പോകാൻ ഉപയോഗിക്കുന്ന ആറ് ഇഞ്ചിന്റെ പി വി സി പാത്തിയിൽ മണ്ണും വളവും നിറച്ചാണ് ചീര കൃഷി നടത്തിയത്. കാർത്തികപ്പള്ളി കൃഷിഭവന്റെ വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് ഉദയൻ പറഞ്ഞു. വെള്ളത്തിൽ പച്ചക്കറി വിളയിച്ചാണ് ഉദയകുമാർ ശ്രദ്ധേനേടിയത്. കരയിൽ ചെടി നട്ട് വെള്ളത്തിന് മുകളിൽ പന്തൽ കെട്ടിയാണ് പാവൽ പടവലം എന്നീ കൃഷികൾ ചെയ്യുന്നത്. ഭാര്യ രതിയും മകൾ ഗൗരി കൃഷ്ണയും എല്ലാ പിന്തുണയുമായും ഒപ്പമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഓണം ആഘോഷിക്കണമെന്ന് ഓസ്ട്രേലിയയിലെ കുട്ടികൾ, മാവേലിയും പൂക്കളവും അടക്കം കളറാക്കി ആഘോഷം
ന്യൂസിലൻഡ് മലയാളികളുടെ പൊളി ഓണാഘോഷം