ഇതൊക്കെ എന്ത്! ഓണത്തിന് ലുലു മാളിന് ഇരട്ടിമധുരം; സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍‍ഡ്

By Web TeamFirst Published Sep 7, 2022, 6:45 PM IST
Highlights

സ്കൂളിൽ നിന്നുള്ള 360 ഓളം ടീമുകളും ഓപ്പൺ രജിസ്ട്രേഷനിൽ പങ്കെടുത്ത മുതിർന്നവരുടെ ടീമുകളും അടക്കം 2000ത്തിലധികം പേര്‍ ഒരേസമയം മത്സരത്തില്‍ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോര്‍ഡിലെത്തിച്ചത്.

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരം ലുലു മാള്‍ കുട്ടികളുമായി ചേർന്ന് സംഘടിപ്പിച്ച മെഗാ പൂക്കളത്തിന് ഗിന്നസ് റെക്കോര്‍‍ഡ്. ഏഷ്യയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലൊന്നായ പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളുമായി കൈകോര്‍ത്ത് 'ലുലു മെഗാ പൂക്കളം 2022' എന്ന പേരില്‍ സംഘടിപ്പിച്ച പൂക്കള മത്സരമാണ് ഈ നേട്ടത്തിനര്‍ഹമായത്.

സ്കൂളിൽ നിന്നുള്ള 360 ഓളം ടീമുകളും ഓപ്പൺ രജിസ്ട്രേഷനിൽ പങ്കെടുത്ത മുതിർന്നവരുടെ ടീമുകളും അടക്കം 2000ത്തിലധികം പേര്‍ ഒരേസമയം മത്സരത്തില്‍ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോര്‍ഡിലെത്തിച്ചത്. ഒരു ടീമില്‍ അഞ്ച് വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലെ അഡ്ജുഡിക്കേറ്റര്‍ റിഷി നാഥ് പൂക്കളം മത്സരം പരിശോധിച്ച ശേഷമാണ് ലോക റെക്കോര്‍ഡെന്ന നേട്ടത്തിലേയ്ക്ക് മാള്‍ എത്തിയെന്ന് സ്ഥിരീകരിച്ചത്.

മാളില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ റിഷി നാഥ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് സര്‍ട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന് കൈമാറി. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രന്‍ നായര്‍, ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം ഹസ്സന്‍, മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ കെ, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ് ഇ വി  ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് നടന്ന ലുലു മെഗാ പൂക്കളത്തില്‍ 390 അത്തപ്പൂക്കളങ്ങളാണ് മാളില്‍ നിറഞ്ഞത്. കുട്ടികളും മുതിർന്നവരുമടക്കം അയ്യായിരത്തോളം പേർ മാളില്‍ എത്തിയിരുന്നു. കൊവിഡ് മഹാമാരിയ്ക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മെഗാ പൂക്കളം മാൾ സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജികൾ കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയിരുന്നു. പരിസ്ഥിതി ക്ലിയറൻസ് നൽകിയതിലും തീരരദേശ നിയമം ലംഘിച്ചുമാണ് തിരുവനന്തപുരം ലുലു മാൾ നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹർജിയാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. വിവിധ ഘട്ടങ്ങളിൽ എല്ലാ അനുമതികളും മാളിന് ലഭിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്‌ നീരീക്ഷിച്ചു.  

click me!