എന്നാലും ഓണം പൊടിപൊടിക്കും!

By Web TeamFirst Published Aug 25, 2020, 5:30 PM IST
Highlights

കൊറോണക്കാലത്തെ ഓണം.  ബിന്‍സി കുഞ്ഞുമോന്‍ എഴുതുന്നു

എന്നാലും മലയാളികളെ അങ്ങനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ. ഈ ഓണ സങ്കല്പങ്ങള്‍ മുഴുവനായും  നടപ്പിലാക്കാന്‍ പറ്റിയില്ലെങ്കിലും  കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി അനുസരിക്കാന്‍ ഓരോ മലയാളിയും ശ്രമിക്കും  

 

പതിവിലും വിപരീതമായി വള്ളത്തില്‍ മാസ്‌ക്കും വെച്ച് സാനിറ്റൈസര്‍ കൈയില്‍ കരുതി വരുന്ന മാവേലി ആണ് 'കൊറോണ കാലത്തെ ഓണം' എന്ന് പറയുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരു കുസൃതി ചിത്രം. ഓണം എന്നത് കേരളീയ ആഘോഷം ആണെങ്കില്‍ തന്നെയും ഈ വര്‍ഷത്തെ ഓണം ആര്‍ക്കും ആഘോഷമായി തോന്നാന്‍ സാധ്യതയില്ല. 

ഓണം എന്ന് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ പ്രായഭേദമെന്യ  പതിഞ്ഞു പോയ കുറേ സങ്കല്‍പങ്ങളുണ്ട്. രാവിലെ കുളിച്ചു ഒരുങ്ങി എല്ലാരും ചേര്‍ന്ന് വട്ടത്തില്‍ ഇരുന്നു കഥകളും പാട്ടുകളും ഒക്കെ ആയി കളിച്ചുരസിച്ചു അത്തപൂക്കളം ഇട്ടു തുടങ്ങുന്നതില്‍ തൊട്ട് തറയില്‍ വാഴ ഇല വെട്ടി ഇട്ടു കിച്ചടി പച്ചടി തുടങ്ങി എല്ലാം വിഭവങ്ങളും ചേര്‍ത്ത് മ്ൂന്ന് കൂട്ടം പായസം ഉള്‍പ്പെടെ നീട്ടി ഒരു സദ്യ.  വീട്ടിലെ കുഞ്ഞതിഥിക്ക് ഈ സദ്യാസമയം ഒരു ഉത്സവമായിരിക്കും. സ്വന്തമായി ഒരില കിട്ടിയ അഹങ്കാരം അവന്‍ നന്നായി ആഘോഷിക്കും. സദ്യ കഴിഞ്ഞാലോ, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേര കളി തുടങ്ങിയ കലാപരിപാടികളില്‍ പങ്കെടുക്കാനും കാഴ്ചക്കാരവവാനും തിടുക്കമായി. 

കുട്ടികള്‍ക്കാണെങ്കില്‍ സ്‌കൂളിലും കോളേജിലും ഒരാഴ്ചയ്ക്ക് മുന്നേ പങ്കെടുത്ത് തുടങ്ങി വെച്ച ആവേശവും .എവിടെ ഒക്കെ കലാ പരുപാടി കള്‍ ഒരുക്കിയിട്ടുണ്ടോ അവിടെ എല്ലാം കളിച്ചു നടക്കല്‍ ആണ്  ഇവരുടെ മെയിന്‍. ഇതിനെല്ലാം ഫുള്‍ സ്റ്റോപ്പ് ഇട്ടു കൊണ്ടാണ് ഈ വട്ടത്തെ കൊറോണ ഓണം. 

മാസ്‌ക്, ഒന്നര മീറ്റര്‍ സാമൂഹിക അകലം, എവിടേയും ധൈര്യത്തില്‍ തൊടാന്‍ ഉള്ള പേടി,  കൂട്ടുകാരോട് മനസ്സ് തുറന്നു ചിരിക്കാനും കളിക്കാനും ഉള്ള പേടി ഇതെല്ലാം സമ്മാനിച്ച ഈ കൊറോണ കാലത്ത്  മലയാളി മനസ്സിലെ ആ ഓണം ഒരു സ്വപ്നം മാത്രം ആയി അവശേഷിക്കുന്നു. 

എന്നാലും മലയാളികളെ അങ്ങനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ. ഈ ഓണ സങ്കല്പങ്ങള്‍ മുഴുവനായും  നടപ്പിലാക്കാന്‍ പറ്റിയില്ലെങ്കിലും  കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി അനുസരിക്കാന്‍ ഓരോ മലയാളിയും ശ്രമിക്കും   എണ്ണസംഖ്യ കുറവാണെന്നെ ഉള്ളൂ,  അത്തപ്പൂക്കളം ഇടാനും  അത്യാവശ്യം കലാപരിപാടി കള്‍ ഒക്കെ സംഘടിപ്പിച്ചു  വീടുകളില്‍ തന്നെ ആഘോഷിക്കാനും വീഡിയോ കാള്‍ വഴി പ്രിയപ്പെട്ട വരെ സന്തോഷിപ്പിക്കാനും മലയാളി മറക്കില്ല. ഓണം എന്നത് മലയാളികള്‍ക്ക് ഒരു ആഘോഷം അല്ല, ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നൊരു വികാരമാണ്. ഏത് സാഹചര്യത്തിലും  ഒത്തൊരുമയോടെ കൈ പിടിച്ചു സന്തോഷം കണ്ടെത്തുന്ന മലയാളി മനസ്സ് എന്നും വ്യത്യസ്തമാണ്. ഇനി ഇങ്ങനെ ഒരു ഓണക്കാലം ഒരു മുത്തശ്ശിക്കഥയായി മാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ

click me!