Latest Videos

ലോകകപ്പിലെ മിന്നും പ്രകടനം; ജന്മനാട്ടിൽ പ്ര​ഗ്നാനന്ദക്ക് ​ഗംഭീര വരവേൽപ്, 30 ലക്ഷം രൂപയുടെ സർക്കാർ പാരിതോഷികം

By Web TeamFirst Published Aug 30, 2023, 3:56 PM IST
Highlights

 മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുമായി പ്രഗ്നാനന്ദ കൂടിക്കാഴ്ച നടത്തി.

ചെന്നൈ: ചെസ്സ് ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് ഗംഭീര വരവേൽപ്പ്. ചെന്നൈ വിമാനത്താവളത്തിൽ സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും  സ്വീകരണം നൽകി. സംസ്ഥാന സർക്കാർ പ്രതിനിധികളും അഖിലേന്ത്യാ ചെസ്സ് ഫെഡറേഷൻ ഭാരവാഹികളും  സഹപാഠികളും താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. 

കുമ്മാട്ടികളും വാദ്യമേളവും അടക്കം ആയിരുന്നു വരവേൽപ്പ്. തുടർന്ന് സർക്കാർ ഒരുക്കിയ പ്രത്യേക വാഹനത്തിൽ പ്രഗ്നാനന്ദ ചെന്നൈ നഗരത്തിലേക്ക് തിരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുമായി പ്രഗ്നാനന്ദ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. സ്വീകരണത്തിൽ സന്തോഷം ഉണ്ടെന്നും ലോക ചാമ്പ്യൻഷിപ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യം എന്ന് പ്രഗ്നാനന്ദ പറഞ്ഞു.

ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണോടാണ് ഇന്ത്യയുടെ 18കാരന്‍ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങിയത്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്. 

ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സണും ആർ പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോർവീജിയന്‍ ഇതിഹാസം മാഗ്നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. കാള്‍സണ്‍- പ്രഗ്നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. 

ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. 2000, 2002 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടുമ്പോള്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോല്‍പിച്ചാണ് ആർ പ്രഗ്നാനന്ദ തന്‍റെ ആദ്യ ചെസ് ലോകകപ്പില്‍ ഫൈനലിലേക്ക് കുതിച്ചത്. എന്നാല്‍ ടൈബ്രേക്കറില്‍ ഒന്നര പോയിന്‍റ് നേടി കാള്‍സണ്‍ ചാമ്പ്യനായി. 

ചെസിലെ ചന്ദ്രയാനാവാന്‍ ആർ പ്രഗ്നാനന്ദ; മാഗ്നസ് കാള്‍സണെ വീഴ്ത്തിയാല്‍ ഭീമന്‍ സമ്മാനത്തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!