Latest Videos

140 കോടി ജനതയുടെ സ്വപ്‌നസാഫല്യം; കാണാം നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ട ഐതിഹാസിക കാഴ്‌ച- വീഡിയോ

By Web TeamFirst Published Aug 28, 2023, 10:36 AM IST
Highlights

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്ത്യന്‍ കായികപ്രേമികളുടെ കാത്തിരിപ്പ് വെറുതെയായില്ല

ബുഡാപെസ്റ്റ്: ഇന്ത്യ ഉറങ്ങാതെ കാത്തിരുന്ന രാത്രി...140 കോടി ജനങ്ങളുടെ കൈക്കരുത്തും മനക്കരുത്തുമായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞുവീഴ്‌ത്തി. ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റായി നീരജ് മാറി. ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നേട്ടങ്ങളുമായി കുതിക്കുന്ന ചോപ്രയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ബുഡാപെസ്റ്റിലെ ഗോള്‍ഡ‍്. 88.17 മീറ്റ‍ര്‍ ദൂരത്തേത്ത് ജാവലിന്‍ കുതിച്ചെറിഞ്ഞ് നീരജ് ചോപ്ര ചരിത്ര സ്വര്‍ണം സ്വന്തമാക്കിയ ആ ഐതിഹാസിക കാഴ്‌ച ഒരിക്കല്‍ക്കൂടി കാണാം. 

. brings home a historic gold for India in the javelin throw 👏 pic.twitter.com/YfRbwBBh7Z

— World Athletics (@WorldAthletics)

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്ത്യന്‍ കായികപ്രേമികളുടെ കാത്തിരിപ്പ് വെറുതെയായില്ല. 25കാരനായ നീരജ് ചോപ്രയുടെ കരുത്തുറ്റ വലംകൈയില്‍ നിന്ന് ജാവലിൻ 88.17 മീറ്റര്‍ ദൂരത്തേക്ക് പറന്നുവീണപ്പോൾ പിറന്നത് പുതുചരിത്രം. നീരജ് ചോപ്ര അത്‍ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യനായി. ബുഡാപെസ്റ്റിലെ മനോഹര ട്രാക്കില്‍ ഫൗളോടെയായിരുന്നു നീരജിന്‍റെ തുടക്കം. രണ്ടാം ത്രോയിൽ ജാവലിൻ ലക്ഷ്യത്തിൽ എത്തുംമുന്നേ സ്വർണമുറപ്പിച്ചുള്ള നീരജിന്‍റെ വിജയാഹ്ലാദം ആരാധകര്‍ രോമാഞ്ചത്തോടെ തല്‍സമയം കണ്ടു. ഒളിംപിക്‌സ് സ്വർണത്തിനൊപ്പം ലോക ചാമ്പ്യനുമെന്ന അപൂർവ നേട്ടം ഇതോടെ നീരജിന് സ്വന്തമായി. 87.82 മീറ്ററോടെ പാകിസ്ഥാന്‍റെ അർഷാദ് നദീമാണ് രണ്ടാം സ്ഥാനത്ത്. 84.77 മീറ്ററോടെ കിഷോർ ജെന അഞ്ചും 83.72 മീറ്ററോടെ ഡി പി മനു ആറും സ്ഥാനത്ത് ഫിനിഷ് ചെയ്‌തതും ഇന്ത്യക്ക് അഭിമാനമായി.

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. ഒറിഗോണില്‍ 88.13 ദൂരം കണ്ടെത്തിയായിരുന്നു നീരജിന്‍റെ വെള്ളിത്തിളക്കം. അടുത്ത ഒളിംപിക്‌സിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്‌സിന് ഇതിനകം നീരജ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. 

ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടത്തോടെ അത്‍ലറ്റിക്‌സിലെ എല്ലാ പ്രധാന മെഡലുകളും സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ നീരജ് ചോപ്ര. അണ്ടർ 20 ലോക ചാമ്പ്യനായി വരവറിയിച്ച നീരജ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംയിലും സ്വർണം നേടി. ടോക്കിയോ ഒളിംപിക്സിൽ സ്വർണത്തിളക്കത്തോടെ ചരിത്രം കുറിച്ചു. ഒളിംപിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. ഇതിന് ശേഷം ഡയമണ്ട് ലീഗ് കിരീടവും സ്വന്തമാക്കിയ നീരജിന് 90 മീറ്റർ കടമ്പ മാത്രമാണ് ഇനി ബാക്കിയുള്ളത്. യോഗ്യതാ റൗണ്ടിലെ ഒറ്റ ത്രോയോടെ അടുത്ത വർഷത്തെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനും നീരജിന് കഴിഞ്ഞു.

Read more: ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!