ചരിത്രമെഴുതി ഐശ്വര്യ; മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം

By Web TeamFirst Published Aug 13, 2019, 12:44 PM IST
Highlights

വേഗപ്പോരില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഐശ്വര്യ പിസെ

ബെംഗളൂരു: മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ റേസറെന്ന നേട്ടത്തില്‍ ബെംഗളൂരു സ്വദേശി ഐശ്വര്യ പിസെ. ഫിം ബാജാസ് ഓഫ് റോഡ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഹംഗറിയിലെ അവസാന റേസില്‍ നാലാം സ്ഥാനത്തെത്തി 23കാരിയായ ഐശ്വര്യ കിരീടം ഉറപ്പിക്കുകയായിരുന്നു. 

ദുബായില്‍ നടന്ന ആദ്യ റേസില്‍ ഒന്നാമതെത്തിയപ്പോള്‍ പോര്‍ച്ചുഗലില്‍ മൂന്നും സ്‌പെയ്‌നില്‍ അഞ്ചും ഹംഗറിയില്‍ നാലും സ്ഥാനങ്ങളിലെത്തി. ആകെ 65 പോയിന്‍റുകള്‍ നേടിയ ഇന്ത്യന്‍ താരം പോര്‍ച്ചുഗലിന്‍റെ റീത്ത വിയേരയെ നാല് പോയിന്‍റിന് പിന്നിലാക്കിയാണ് വേഗപ്പോരില്‍ ചാമ്പ്യനായത്. ഹംഗറിയില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഐശ്വര്യക്ക് 52 പോയിന്‍റും വിയേരക്ക് 45 പോയിന്‍റുമാണുണ്ടായിരുന്നത്. 

അഞ്ച് തവണ ദേശീയ ചാമ്പ്യനായ ആദ്യ വനിതാ താരമാണ് ഐശ്വര്യ. ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നില്‍ സ്വന്തമാക്കിയെങ്കിലും റേസിന്‍റെ അവസാന ദിവസം പരിക്കേറ്റ് താരത്തിന് പിന്‍മാറേണ്ടിവന്നു. എന്നാല്‍ തിരിച്ചുവരവില്‍ ചാമ്പ്യനായി കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ വേഗവനിത. രാജ്യാന്തര മോട്ടോസൈക്ലിംഗ് ഫെഡറേഷനാണ് ഫിം ബാജാസ് സംഘടിപ്പിക്കുന്നത്. 
 

click me!