'ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍, ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍'; പ്രഗ്‌നാനന്ദ ഒറ്റപ്പെട്ട സംഭവമല്ല

By Dhanesh DamodaranFirst Published Aug 25, 2022, 5:52 PM IST
Highlights

മാഗ്‌നസ് കാള്‍സണ്‍ നിലവില്‍ ചെസ്സിലെ ഒരു അതികായന്‍ തന്നെയാണ്. ക്ലാസിക്കല്‍ ഫോര്‍മാറ്റിലെ അഞ്ചുതവണത്തെ ചാംപ്യന്‍പട്ടം അത് വിളിച്ചുപറയും. എതിരാളികളില്ലാതെ തലയെടുപ്പോടെ നില്‍ക്കുന്നവന്‍.

ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സന്റെ മാര്‍ഗം മുടക്കുവാന്‍ വന്നവരെല്ലാം തല കുനിച്ച് മടക്കുകയായിരുന്നു ഇതുവരെ. ഒടുവില്‍ ചതുരംഗം ഉത്ഭവിച്ച നാട്ടില്‍ നിന്നും നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി പ്രഗ്‌നാനന്ദയെന്ന അത്ഭുത ബാലന്‍ അവതരിച്ചിരിക്കുന്നു. ഇനിയുള്ള ചതുരരംഗക്കളത്തിലെ അശ്വമേധം നടത്താനുള്ള തയ്യാറെടുപ്പിലേക്ക് പ്രഗ്‌നാനന്ദക്ക് കുതിക്കാനുള്ള ഊര്‍ജമാണ് ലോകചാംപ്യനെതിരായ മൂന്നാം ജയം. വിശ്വനാഥന്‍ ആനന്ദ് എന്ന വിശ്വ വിജയിയുടെ നാട്ടില്‍ നിന്നും അടുത്ത വിശ്വ വിജയിയാകുവാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തിന്റെ അഭിമാനമായ കൗമാരക്കാരന്‍.

മാഗ്‌നസ് കാള്‍സണ്‍ നിലവില്‍ ചെസ്സിലെ ഒരു അതികായന്‍ തന്നെയാണ്. ക്ലാസിക്കല്‍ ഫോര്‍മാറ്റിലെ അഞ്ചുതവണത്തെ ചാംപ്യന്‍പട്ടം അത് വിളിച്ചുപറയും. എതിരാളികളില്ലാതെ തലയെടുപ്പോടെ നില്‍ക്കുന്നവന്‍. എന്നാല്‍  റാപ്പിഡ് ഫോര്‍മാറ്റില്‍ ആണെങ്കിലും അയാള്‍ക്കെതിരെ    രമേഷ് ബാബു പ്രഗ്‌നാനന്ദ എന്ന് 17കാരനായ ഇന്ത്യക്കാരന്‍ പയ്യന്‍ നേടിയ വിജയത്തെ കുറച്ചു കാണാന്‍ ആകില്ല.

'പ്രഗ്ഗു, നീ ഇന്ത്യയുടെ അഭിമാനമാണ് പതിനാറാം വയസ്സില്‍ പരിചയസമ്പന്നനും ലോകം മുഴുവന്‍ ഒറ്റ സ്വരത്തില്‍ അംഗീകരിക്കുന്നവനുമായ കാള്‍സണെ തോല്‍പ്പിച്ചത് അവിശ്വസനീയമാണ്.'

കഴിഞ്ഞ ഫെബ്രുവരി 22 ന്  വെളുപ്പിന് ഓണ്‍ലൈന്‍ എയര്‍ത്തിങ് മാസ്റ്റേഴ്‌സ് റാപ്പിഡ് ടൂര്‍ണ്ണമെന്റില്‍ വെറും 16 വയസ്സ് മാത്രം പ്രായമായ  പ്രഗ്‌നാനന്ദ ആ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ വിജയിച്ച നില്‍ക്കുന്ന ലോക ഒന്നാം നമ്പറുകാരനായ നോര്‍വെക്കാരനെതിരെ  കറുത്ത കരുക്കളുമായി കളിച്ച് 39 നീക്കക്കള്‍ക്കു ശേഷം പരാജയപ്പെടുത്തുമ്പോള്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1989ല്‍ 16 ആം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നത്തെ പതിനാറുകാരനായ പ്രഗ്‌നാനന്ദയെ ഹൃദയം തുറന്ന് അഭിനന്ദിച്ചപ്പോള്‍ ഇന്ത്യന്‍  കായികരംഗത്ത് ആ ദിവസത്തിന്റെ പ്രസക്തി അത്രയേറെ മഹത്തരമായിരുന്നു . 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അക്കാലത്തെ ഒന്നാം നമ്പര്‍ ബൗളര്‍മാരായ ഇമ്രാന്‍ ഖാന്‍, വസിം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ നേരിട്ട് വരവറിയിച്ചപ്പോള്‍ 16 കാരനായ രമേഷ് ബാബു പ്രഗ്‌നാനന്ദയ്ക്ക് ചതുരംഗക്കളത്തില്‍ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സന്‍ എന്ന പിടികൊടുക്കാത്ത മസ്തിഷ്‌കമായിരുന്നു. എണ്ണ തേച്ച് മിനുക്കിയ മുടിയും, നെറ്റിയിലെ  ഭസ്മക്കുറിയും ട്രേഡ് മാര്‍ക്കാക്കിയ പയ്യന്‍ പലപ്പോഴും നടപ്പിലും ഇരുപ്പിലും സ്വഭാവത്തിലും അനുസ്മരിപ്പിക്കുന്നത് സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിനെ തന്നെയാണെന്ന് പറഞ്ഞതാകട്ടെ ആനന്ദിന്റെ പഴയ സ്ഥിരം എതിരാളി വ്‌ളാദിമിര്‍ ക്രാനിക്കും.

ആറ് മാസങ്ങള്‍ക്കു മുന്‍പ് ലോകചാംപ്യനെ ആദ്യമായി അട്ടമറിക്കുമ്പോള്‍ പലരും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായിട്ടാണ് കണ്ടത്. എന്നാല്‍ കായികലോകം അമ്പരക്കുന്ന കാഴ്ചകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുകയാണ് ആ അത്ഭുത ബാലന്‍. ആദ്യജയത്തിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ വീണ്ടും ഒരു ജയം. ആഘോഷങ്ങളുടെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് വീണ്ടും ഇതാ മറ്റൊരു അത്ഭുത ജയം. തോല്‍ക്കാന്‍ മടിയുള്ള കാള്‍സണ്‍ എന്ന മഹാമേരുവിനെ ഒരു ഹാട്രിക് തോല്‍വിയിലേക്ക് തള്ളിവിട്ട് വട്ടം ചുറ്റിക്കുന്ന പ്രഗ്‌നാനന്ദ ഒരു ശീലമായി മാറുകയാണ്. ഏഴാം റൗണ്ടില്‍ ആദ്യ രണ്ട് കളികള്‍ സമനിലയിലായപ്പോള്‍ മൂന്നാം കളി ജയിച്ച് വിജയത്തിലേക്ക് നീങ്ങുന്ന കാള്‍സണെ പിടിച്ചു നിര്‍ത്തി ടൈബ്രേക്കറിലെ രണ്ട് റാപ്പിഡ് മാച്ചുകളില്‍ കാള്‍സണെ വെട്ടി മാറ്റുമ്പോള്‍ പിറന്നത് ചരിത്രമായിരുന്നു.

സച്ചിനും ആനന്ദും പ്രഗ്‌നാനന്ദയും സ്വഭാവത്തില്‍ ഒരു പോലെയാണ്. പുറമെ അവര്‍ ശാന്തരാണ്. എന്നാല്‍ തങ്ങളുടെ കേളീമൈതാനത്ത് എതിരാളികളെ നിരന്തരമായി മുട്ടുകുത്തിക്കുമ്പോഴും മുഖത്ത് ശാന്തത സൂക്ഷിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന മുഖമാകാന്‍ അവര്‍ക്ക് പറ്റുന്നു. ഒപ്പം വികാരങ്ങളെ നിയന്ത്രിക്കാനും. പത്താം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആയ പ്രഗ്‌നാനന്ദക്ക് 12-ാം വയസില്‍  ചെറിയ വ്യത്യാസത്തില്‍ പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍ പദവിയില്‍ രണ്ടാം സ്ഥാനക്കാരനയപ്പോള്‍ അതില്‍ സങ്കടമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ടായിരുന്നു ഇല്ലെന്ന ഉത്തരം പറഞ്ഞത്.

ഈ പ്രായത്തില്‍ താന്‍ അമ്മക്കൊപ്പം കളിച്ചപ്പോള്‍ പ്രഗ്ഗു അവന്റെ ഇരട്ടി പ്രായമുള്ളവരെ തോല്‍പ്പിക്കുന്നു എന്ന ആനന്ദിന്റെ വാക്കുകളിലുണ്ട് പ്രഗ്‌നാനന്ദയ്ക്കുള്ള അംഗീകാരം. പ്രഗ്‌നാനന്ദക്ക് വിജയങ്ങള്‍ പിറകെ വരുന്നവയല്ലായിരുന്നു. വെട്ടിപ്പിടിച്ചാണ് ശീലം. മറ്റുള്ള കുട്ടികളെ കൂടെ കൊണ്ട് നടക്കാനും പിന്തുണക്കാനും അച്ഛന്‍മാര്‍ മത്സരിച്ചപ്പോള്‍ ജന്‍മനാ പോളിയോ ബാധിച്ച അച്ഛന്റെ യാത്ര അസൗകര്യങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകളെ അതിജീവിച്ചത് അമ്മയായിരുന്നു. 


  
ഗ്രാന്റ്മാസ്റ്റര്‍ പദവിയിലെത്താന്‍ 18 വയസ്സു വരെ ആനന്ദിന് കാത്തിരിക്കേണ്ടി വന്നപ്പോള്‍ ആ പ്രായത്തിനും മുന്‍പ് കാള്‍സണെ പോലൊരാളെ തുടര്‍ച്ചയായി  മുട്ടുകുത്തിക്കുമ്പോള്‍ ആനന്ദിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോന്ന പ്രതീക്ഷ കൂടിയാണ് പ്രഗ്‌നാനന്ദ. ഒത്ത എതിരാളികളില്ലാത്തതിനാല്‍ തനിക്ക് ചെസ്സ് മടുത്തു തുടങ്ങി എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കാന്‍ മാഗ്‌നസ് കാള്‍സണ്‍ എന്ന ബുദ്ധിരാക്ഷന്‍ ഇനി ഒന്ന് ആലോചിക്കും.

click me!