'ഒന്നല്ല മൂന്ന് തവണ, മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ'; പ്രഗ്നാനന്ദയെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

By Jomit JoseFirst Published Aug 25, 2022, 12:28 PM IST
Highlights

പ്രഗ്നാനന്ദ നവതാരകമെന്ന് മന്ത്രി വി ശിവന്‍കുട്ടി, ഇന്ത്യയിൽ നിന്ന് ഒരു കൊച്ചു പയ്യൻ താരമായി പ്രകാശിച്ചുതുടങ്ങിയിരിക്കുന്നു എന്ന് അഭിനന്ദന കുറിപ്പ് 

തിരുവനന്തപുരം: അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനെ മൂന്നാം തവണയും കരിയറില്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സെന്‍സേഷന്‍ ആര്‍ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടി. ചെസിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകളാണ് എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ദിവസങ്ങള്‍ മാത്രം മുമ്പ് കാള്‍സനെ പ്രഗ്നാനന്ദ മൂന്നാം തവണയും അട്ടിമറിച്ചത്. 

വി ശിവന്‍കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

'ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ. കാരണം ഇന്ത്യയിൽ നിന്ന് ഒരു കൊച്ചു പയ്യൻ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പ്രഗ്നാനന്ദ കാൾസനെ തോല്പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ. അഭിനന്ദനങ്ങൾ പ്രഗ്നാനന്ദ'.

ഈ വര്‍ഷം മൂന്നാം തവണയാണ് ചെസ് ഇതിഹാസം മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ പതിനേഴ് വയസുകാരനായ പ്രഗ്നാനന്ദ തോല്‍പിക്കുന്നത്. ഫെബ്രുവരിയിൽ ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിലും കാള്‍സനെ പ്രഗ്നാനന്ദ മലര്‍ത്തിയടിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍താരം കൂടിയാണ് ആര്‍ പ്രഗ്നാനന്ദ.  

2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്. 

കാള്‍സനെ മാധ്യമങ്ങള്‍ പൊതിഞ്ഞു, അരികില്‍ കോച്ചിനൊപ്പം കൂളായി പ്രഗ്നാനന്ദ; സ്റ്റൈലന്‍ നില്‍പ് വൈറല്‍

click me!