
കോഴിക്കോട്: അനാമികക്ക് മുന്നില്‍ വഴിമാറിക്കൊടുക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നോ മീറ്റ് റെക്കോര്‍ഡ്? ചെന്നൈയില്‍ നടന്ന ദേശീയ യൂത്ത് മീറ്റില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണം നേടിയ അനാമികയുടെ ഫോം അത്ര മികച്ചതായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത അനാമികയുടെ പ്രകടനം ചരിത്രമായി. എട്ട് വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡാണ് അനാമിക ഹര്‍ഡില്‍സുകള്‍ ചാടിക്കടന്ന് കുതിച്ചപ്പോള്‍ പഴങ്കഥയായത്.
കഴിഞ്ഞ വർഷം സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ അനാമിക ഇത്തവണ സീനിയർ വിഭാഗത്തിലും സ്വർണക്കുതിപ്പ് ആവർത്തിച്ചു.കെ എസ് ഇ ബി യിൽ ഓവർസിയറായ അജേഷ് വി എസിന്റെയും വാട്ടർ അതോറിറ്റിയിൽ ജീവനക്കാരിയായ സോണി പി ആറിന്റെയും മകളാണ് അനാമിക.
നമിതക്ക് ഹാപ്പി ബെര്‍ത്ത് ഡേ..
ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ 34.35 മീറ്റര്‍ ദൂരം കണ്ടെത്തിയ വയനാടിന്റെ നമിത തന്റെ പതിനേഴാം പിറന്നാള്‍ അവിസ്‌മരണീയമാക്കി. കല്‍പ്പറ്റ ജിവിഎച്ച്‌എസിലെ വിദ്യാര്‍ഥിനിയായ നമിത കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവാണ്. കായിക മേളയില്‍ മീറ്റ് റെക്കോര്‍ഡിന് ഉടമയായിരുന്ന ടി താലിബാണ് പരിശീലകന്‍. പടിഞ്ഞാറത്തറ അരിക്കളം രാമന്റെയും വസന്തയുടെയും മകളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK