ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫെഡററുടെ അവസാന ഗ്രാന്‍സ്ലാമോ; മറുപടിയുമായി ടെന്നീസ് ഇതിഹാസം

By Web TeamFirst Published Jan 30, 2020, 7:57 PM IST
Highlights

പരിശീലനത്തിലും ഇപ്പോള്‍ പുറത്തെടുക്കുന്ന മികവിലും ഞാന്‍ തികച്ചും സംതൃപ്തനാണ്. അതുകൊണ്ടുതന്നെ തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശമില്ല

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നൊവാക് ജോക്കോവിച്ചിനോട് തോറ്റ് പുറത്തായതിന് പിന്നാലെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മികച്ച ശാരീരികക്ഷമത നിലനിര്‍ത്താന്‍ തനിക്കിപ്പോഴും കഴിയുന്നുണ്ടെന്നും ഫെഡറര്‍ പറഞ്ഞു.

ഇനിയും ഗ്രാന്‍സ്ലാമുകള്‍ വിജയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും 2021ലും ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനായി എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറര്‍ പറഞ്ഞു. ഭാവി എന്താണ് കരുതിവെച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. എങ്കിലും അടുത്തവര്‍ഷവും ഇവിടെ എത്താനാകുമെന്നു തന്നെയാണ് പ്രതീക്ഷ. അക്കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.

പരിശീലനത്തിലും ഇപ്പോള്‍ പുറത്തെടുക്കുന്ന മികവിലും ഞാന്‍ തികച്ചും സംതൃപ്തനാണ്. അതുകൊണ്ടുതന്നെ തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശമില്ല-ഫെഡറര്‍ പറഞ്ഞു. സെമിയില്‍ ജോക്കോവിച്ചിനെതിരെ ഇറങ്ങുന്നതിന് മുമ്പ് തുടയിലേറ്റ പരിക്ക് അലട്ടിയിരുന്ന ഫെഡറര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിറങ്ങിയ ഫെഡറര്‍ ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം കടുത്ത പോരാട്ടം കാഴ്ചവെക്കുകയും ചെയ്തു. ടൈ ബ്രേക്കറില്‍ ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ടാം സെറ്റിലൂം മൂന്നാം സെറ്റിലും കാര്യമായ പോരാട്ടമില്ലാതെ ഫെഡറര്‍ കീഴടങ്ങി.

സാന്‍ഡ്ഗ്രെന്നിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുശേഷം പരിശീലനം പോലും നടത്താതെയാണ് ജോക്കോവിച്ചിനെതിരെ ഇറങ്ങിയത്. ജയിക്കാന്‍ മൂന്ന് ശതമാനം സാധ്യത മാത്രമെയുള്ളൂവെന്നറിയാമെങ്കിലും കളിച്ച് തോല്‍ക്കാനായിരുന്നു തീരുമാനം. കാലിനേറ്റ പരിക്ക് അത്ര ഗുരുതരമാണെന്ന് കരുതുന്നില്ലെന്നും ഫെഡറര്‍ പറഞ്ഞു. കരിയറില്‍ ഒരു മത്സരത്തില്‍ പോലും പരിക്ക് മൂലം പകുതിവഴിക്ക് മടങ്ങിയിട്ടില്ല എന്ന ഫെഡററുടെ റെക്കോര്‍ഡ് അനുപമമാണെന്ന് മത്സരശേഷം ജോക്കോവിച്ച് പറഞ്ഞു

click me!