
ദില്ലി: റസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് റസ്‌ലിംഗ് താരങ്ങൾ നടത്തുന്ന സമരം ദില്ലി ജന്തര്‍ മന്ദിറില്‍ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. സമരത്തിന് പിന്തുണ അറിയിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സിപിം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും താരങ്ങളെ സന്ദർശിച്ചു. അതേസമയം, സമരത്തിന് രാഷ്ട്രീയമില്ല എന്ന് പറഞ്ഞ് സമരക്കാർ ബൃന്ദ കാരാട്ടിനെ മടക്കി.
രാജ്യത്തിന് അഭിമാനമായ കായിക താരങ്ങൾ തെരുവിലിരുന്ന് പ്രതിഷേധിക്കുന്നത് രാഷ്ട്രത്തിനാകെ അപമാനമാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്നും ബൃന്ദ പറഞ്ഞു.
അതിനിടെ, കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്നു ഇന്ന് തന്നെ പ്രശ്നം തീർക്കാൻ ശ്രമിക്കും എന്നും പ്രതിഷേധക്കാരെ സന്ദർശിച്ച ബിജെപി നേതാവ് കൂടിയായ ബബിത ഫോഗട്ട് അറിയിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് മധ്യസ്ഥ ശ്രമത്തിനായാണ് ബബിതി എത്തിയത്. ബബിതയുമായി സംസാരിക്കുമെന്നും രാജ്യത്തിനായി ഗുസ്തി പിടിക്കാമെങ്കില്‍ ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അത് ചെയ്യാനാകുമെന്ന് ബജ്രംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന സര്‍ക്കാരില്‍ കായിക യുവജനക്ഷേമ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ബബിബത ഫോഗട്ട്.
ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്‌ലിംഗ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്. ഇന്നലെ രാവിലെ ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് താരങ്ങൾ വാർത്താ സമ്മേളനം നടത്തി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രശ്നങ്ങൾ പരിധി വിട്ടതോടെയാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതെന്ന് ഒളിമ്പിക്സ് ജേതാവ് സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുകയും ചെയ്തു.