Latest Videos

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ട് പോലുമില്ല! അവഗണനക്കെതിരെ തുറന്നടിച്ച് ബാഡ്മിന്റണ്‍ താരം പ്രണോയ്

By Web TeamFirst Published Oct 9, 2023, 8:23 PM IST
Highlights

ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവരാണ് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നത്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നുള്ള ചില കായികതാരങ്ങള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് വേണ്ടി കൡക്കുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചത്. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവരാണ് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയാണ് പ്രധാന കാരണം. ഇപ്പോള്‍ കായിക താരങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് പ്രേണോയ്. 

പിന്തുണയില്ലാത്തത് കൊണ്ടാണ് കായിക താരങ്ങള്‍ മുന്‍നിരരയില്‍ എത്താത്തതെന്നാണ് പ്രണോയ് പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം... ''വലിയ ത്യാഗം സഹിച്ചാണ് ഓരോ താരങ്ങളും വരുന്നത്. പഠനം പോലും മാറ്റി വച്ചാണ് കരിയര്‍ തെരഞ്ഞെടുക്കുന്നത്. ഇതിന് പിന്തുണ സര്‍ക്കാരില്‍ നിന്ന് കിട്ടാത്തത് വലിയ വിഷമം ഉണ്ട് ഈ പിന്തുണ കിട്ടാത്തത് കൊണ്ടാണ് ചാമ്പ്യന്മാര്‍ വരാത്തത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വളരെ കുറച്ച് ചാംപ്യന്മാര്‍ മാത്രമേ വന്നിട്ടുള്ളൂ. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രഗല്‍ഭരായ താരങ്ങള്‍ ഉള്ളത്. പിന്തുണ കിട്ടാത്തത് കൊണ്ടാണ് ഇവര്‍ ഉയരങ്ങളില്‍ എത്താത്തത് ഇനി എങ്കിലും സര്ക്കാര്‍ ഇക്കാര്യം ആലോചിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും സ്‌പോര്‍ട്‌സില്‍ ഭാവി ഉണ്ടെന്നുള്ള പ്രതീക്ഷ നല്‍കേണ്ടതുണ്ട്.'' പ്രണോയ് പറഞ്ഞു. 

സര്‍ക്കാരില്‍ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രണോയ് കൂട്ടിചേര്‍ത്തു. താരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കേരളം വിടുകയാണെന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പ്രതിപക്ഷ നേതാവിന്റെ കത്തില്‍ പറയുന്നു.

ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാകിസ്ഥാന്‍ വനിതാ മാധ്യമ പ്രവര്‍ത്തക സൈനബ് അബ്ബാസിനെ തിരിച്ചയച്ചു

click me!