ലോക ചാമ്പ്യനെ ആദരിക്കാന്‍ കേരളം; പി വി സിന്ധു നാളെയെത്തും

By Web TeamFirst Published Oct 7, 2019, 2:27 PM IST
Highlights

സംസ്ഥാന സര്‍ക്കാരും കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുന്നതിനായാണ് സിന്ധു തിരുവനന്തപുരത്തെത്തുന്നത്

തിരുവനന്തപുരം: ബാഡ്‌മിന്‍റൺ ലോക ചാമ്പ്യന്‍ പി വി സിന്ധു ചൊവ്വാഴ്‌ച കേരളത്തിലെത്തും. സംസ്ഥാന സര്‍ക്കാരും കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുന്നതിനായാണ് സിന്ധു തിരുവനന്തപുരത്തെത്തുന്നത്.

നാളെ രാത്രി എട്ടിന് തിരുവനന്തപുരത്തെത്തുന്ന സിന്ധു മറ്റന്നാള്‍ രാവിലെ ആറ് മണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. മറ്റന്നാള്‍ വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോര്‍ജ് സ്റ്റേ‍ഡിയത്തില്‍ ആണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു ലോക കിരീടം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനാണ് സിന്ധുവിന്‍റെ ജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണിത്. 

ഒളിംപിക്സില്‍ വെള്ളിമെഡൽ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു അവസാനം തിരുവനന്തപുരത്തെത്തിയത്.

click me!