Latest Videos

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ലക്ഷ്യമിട്ട് മോസ്കോയില്‍ പരിശീലനം തുടങ്ങി ബജ്റംഗ് പൂനിയ

By Web TeamFirst Published Dec 27, 2021, 7:37 PM IST
Highlights

ഒളിംപിക്സിനുശേഷം ആദ്യ പരിശീലനമാണ് മോസ്കോയിലേതെന്നും മികച്ച രീതിയില്‍ പരിശീലനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബജ്റംഗ് പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്സിലും ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരങ്ങള്‍ റഷ്യയില്‍ നിന്നുള്ളവരായതിനാലാണ് പരിശീലനത്തിനായി റഷ്യ തന്നെ തെരഞ്ഞെടുത്തതെന്നും ബജ്റംഗ് വ്യക്തമാക്കി.

മോസ്കോ: ടോക്യോ ഒളിംപിക്സില്‍(Tokyo Olympics)ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച ബജ്റംഗ് പൂനിയ(Bajrang Punia) പുതിയ സീസണ് മുന്നോടിയായി റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍(Moscow) പരിശീലനം തുടങ്ങി. 26 ദിവസത്തെ പരിശീലനത്തിനായാണ് ബജ്റംഗ് പൂനിയ മോസ്കോയിലെത്തിയിരിക്കുന്നത്. ബജ്റംഗ് പൂനിയക്ക് മോസ്കോയിലെ പരിശീലനത്തിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) 7.53 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഒളിംപിക്സിനുശേഷം ആദ്യ പരിശീലനമാണ് മോസ്കോയിലേതെന്നും മികച്ച രീതിയില്‍ പരിശീലനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബജ്റംഗ് പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്സിലും ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരങ്ങള്‍ റഷ്യയില്‍ നിന്നുള്ളവരായതിനാലാണ് പരിശീലനത്തിനായി റഷ്യ തന്നെ തെരഞ്ഞെടുത്തതെന്നും ബജ്റംഗ് വ്യക്തമാക്കി.

ബജ്റംഗിന്‍റെ റഷ്യയിലെ പരിശീലനത്തിന് ആവശ്യമായ തുക കായിക മന്ത്രാലയവും മിഷന്‍ ഒളിംപിക് സെല്ലും നേരത്തെ അംഗീകരിച്ചിരുന്നു. സ്പാറിംഗ് പങ്കാളിയായ ജിതേന്ദര്‍ കുമാറും ഫിസിയോതെറാപിസ്റ്റായ അനന്ത്കുമാറും ബജ്റംഗിനെ അനുഗമിക്കുന്നുണ്ട്.

പരിശീലനത്തിനുശേഷം ഫെബ്രുവരിയില്‍ ഇറ്റലിയിലും തുര്‍ക്കിയിലും നടക്കുന്ന റാങ്കിംഗ് മത്സരങ്ങളിലും മംഗോളിയയില്‍ ഏപ്രിലില്‍ നടക്കുന്ന നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും  ബര്‍മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ചൈനയിലെ ഹാങ്ഷൂയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലുമാണ് ബജ്റംഗ് ഇനി പങ്കെടുക്കുക. 2024ലെ പാരീസ് ഒളിംപിക്സില്‍ വെങ്കലമെഡല്‍ സ്വര്‍ണമാക്കി ഉയര്‍ത്താനാണ് തന്‍റെ ശ്രമമമെന്ന് ബജ്റംഗ് പറഞ്ഞു.

click me!