BWF World Badminton Championships: സെമിയില്‍ ശ്രീകാന്ത്-ലക്ഷ്യ സെന്‍ പോരാട്ടം, ഇന്ത്യക്ക് ചരിത്രനേട്ടം

By Web TeamFirst Published Dec 17, 2021, 7:50 PM IST
Highlights

അവസാന ഗെയിമില്‍ 19-20ന് പിന്നില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് സ്മാഷുകളിലൂടെ എതിരാളിയെ മറികടന്നാണ് ലക്ഷ്യം തെറ്റാതെ ലക്ഷ്യ സെമിയിലേക്ക് മുന്നേറിയത്. മുന്‍ ജൂനിയര്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ലക്ഷ്യയുടെ അവസാന അഞ്ചു പോയന്‍റില്‍ നാലും സ്മാഷുകളായിരുന്നു.

മാഡ്രിഡ്: ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്(BWF World Badminton Championships) പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. കെ ശ്രീകാന്തിന്(Kidambi Srikanth) പിന്നാലെ ഇന്ത്യയുടെ ലക്ഷ്യ സെന്നും(Lakshya Sen) പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. ശ്രീകാന്താണ് സെമിയില്‍ ലക്ഷ്യ സെന്നിന്‍റെ എതിരാളിയെന്നതിനാല്‍ ഇവരിലൊരാള്‍ ഫൈനല്‍ കളിക്കുമെന്നുറുപ്പായി. ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് 21കാരനാണ് ലക്ഷ്യ സെന്‍.

ക്വാര്‍ട്ടറില്‍ ചൈനീസ് താരം സാവോ ജുന്‍ പെങിനെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ലക്ഷ്യ സെന്‍ സെമിയിലെത്തിയത്. സ്കോര്‍ 21-15, 15-21, 22-20. നിര്‍ണായക അവസാന ഗെയിമില്‍ മാച്ച് പോയന്‍റ് അതിജീവിച്ചാണ് ലക്ഷ്യയുടെ വിജയം. അവസാന ഗെയിമില്‍ 19-20ന് പിന്നില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് സ്മാഷുകളിലൂടെ എതിരാളിയെ മറികടന്നാണ് ലക്ഷ്യം തെറ്റാതെ ലക്ഷ്യ സെമിയിലേക്ക് മുന്നേറിയത്. മുന്‍ ജൂനിയര്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ലക്ഷ്യയുടെ അവസാന അഞ്ചു പോയന്‍റില്‍ നാലും സ്മാഷുകളായിരുന്നു.

പ്രകാശ് പദുക്കോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന ലക്ഷ്യ സെന്നിന് തന്‍റെ ഗുരുവിന്‍റെ നേട്ടം മറികടക്കാനുളള സുവര്‍ണാവസരമാണ് സെമിയിലെത്തിയതോടെ ലഭിച്ചിരിക്കുന്നത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ 1983ല്‍ വെങ്കലം നേടിയ പ്രകാശ് പദുക്കോണ്‍ ആണ് ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം.  പിന്നീട് 2019ല്‍ വെങ്കലം നേടി സായ് പ്രണീതും ഈ നേട്ടം ആവര്‍ത്തിച്ചു.

DREAMY 😍 ensures his 1st & 🇮🇳's 12th medal at after he cruised through to the semis in style by defeating 🇨🇳's Zhao Jun Peng 21-15, 15-21, 22-20 in the last-8 at 💪 pic.twitter.com/ITFNuNFmqu

— BAI Media (@BAI_Media)

തോമസ് കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്ന ലക്ഷ്യയുടെ ഗംഭീര തിരിച്ചുവരവാണ് ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യഷിപ്പില്‍ കണ്ടത്. നേരത്തെ ആദ്യ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് താരം മാര്‍ക്ക് കാള്‍ജൗവിനെ(Mark Caljouw ) നേരിട്ടുള്ള ഗെമിയുകളില്‍ വീഴ്ത്തിയാണ് ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍ 21-8, 21-7. വെറും 26 മിനിറ്റുകളിലായിരുന്നു ശ്രീകാന്ത് ജയിച്ചു കയറിയത്.

ശ്രീകാന്തും ലക്ഷ്യ സെന്നും ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ വനിതകളില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന നിലവിലെ ചാമ്പ്യന്‍ പി വി സിന്ധു(PV Sindhu) ക്വാര്‍ട്ടറില്‍ വീണത് ഇന്ത്യക്ക് നിരാശയായി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗാണ്(Tai Tzu Ying ) നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധുവിനെ വീഴ്ത്തിയത്. സ്കോര്‍ 21-17, 21-13.

click me!